/sathyam/media/post_attachments/GjJhcMRPFwybncFJqoXG.jpg)
ദോഹ: ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഇന്ന് മുൻ ചാമ്പ്യന്മാരായ ബ്രസീലിനും യൂറോപ്യൻ കരുത്തരായ പോർച്ചുഗലിനും ജയം കൂടാതെ മറ്റൊന്നും മുന്നിലില്ല. വിജയിച്ചാൽ ഇതോടെ ഇരുടീമുകൾക്കും പ്രീ ക്വാർട്ടർ ടിക്കറ്റ് ഉറപ്പാകും.
ബ്രസീൽ ഇന്ന് സ്വിറ്റ്‌സർലാൻഡിനെ നേരിടുമ്പോൾ പോർച്ചുഗലിന് എതിരാളികൾ മുൻ ജേതാക്കളായ ഉറുഗ്വേയാണ്. വൈകിട്ട് 6.30 മുതലാണ് ബ്രസീൽ - സ്വിറ്റ്‌സർലാൻഡ് മത്സരം. രാത്രി 12.30ന് പോർച്ചുഗലും ഉറുഗ്വേയും ഏറ്റുമുട്ടും.
ജി ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ സെർബിയയെ റിച്ചാർലിസണിന്റെ ഇരട്ടഗോളിൽ മറികടന്ന ബ്രസീലിനും ഗ്രൂപ്പ് എച്ചിൽ ഘാനയെ 3-2 ന് കീഴടക്കിയ പോർച്ചുഗലിനും ഇന്നുകൂടി വിജയിച്ചാൽ അവസാനമത്സരത്തിലെ സമ്മർദ്ദം ഒഴിവാക്കി അവസാന പതിനാറിലേക്ക് കടക്കാം.
സെർബിയയ്ക്ക് എതിരായ മത്സരത്തിൽ കടുത്ത ടാക്‌ളിംഗിന് വിധേയനായി കാൽക്കുഴയ്ക്ക് പരിക്കേറ്റ നെയ്മറെയും ഡാനിലോയേയും കൂടാതെയാണ് ബ്രസീൽ സ്വിറ്റ്‌സർലാൻഡിനെതിരെ ഇറങ്ങുക. ആദ്യ മത്സരത്തിൽ കാമറൂണിനെ ഏകപക്ഷീയമായ ഏകഗോളിന് തോൽപ്പിച്ച സ്വിസ് ടീമിനും വിജയം നോക്കൗട്ടിലേക്കുള്ള ടിക്കറ്റ് നൽകും.
ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ, കാസിമെറോ തുടങ്ങിയവരുടെ മുന്നേറ്റവീര്യമാണ് ബ്രസീലിയൻ കരുത്ത്. കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനെ 1-1 ന് സമനിലയിൽ തളച്ച ടീമാണ് സ്വിസ്. 1950ലെ ലോകകപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-2 ന് സമനിലയിൽ പിരിഞ്ഞിരുന്നു.
9 തവണ നേർക്കുനേർ ഏറ്റുമുട്ടിയതിൽ ബ്രസീലിന് 3 വിജയം. 4സമനിലകൾ. രണ്ട് വിജയം സ്വിറ്റ്‌സർലാൻഡിന്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ മത്സരത്തിൽ ഗോൾനേടി നൽകിയ ആത്മവിശ്വാസമാണ് പോർച്ചുഗലിന്റെ കൈമുതൽ. തന്റെ ക്‌ളബ് കരിയറിലെ ഏറ്റവും വിവാദപൂർണമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ക്രിസ്റ്റ്യാനോ പെനാൽറ്റിയിലൂടെയാണെങ്കിലും ഘാനയ്‌ക്കെതിരെ ഗോൾ നേടി തന്റെ കരുത്ത് തെളിയിക്കുകയായിരുന്നു.
എന്നാൽ ഘാനയിൽ നിന്ന് രണ്ട് ഗോളുകൾ വാങ്ങിയത് ടീമിന്റെ പ്രകടനത്തിലെ കുറവുകൾ വ്യക്തമാക്കുന്നതായിരുന്നു. ഉറുഗ്വേ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞവരാണ്. വെറ്ററൻ താരങ്ങളായ എഡിൻസൺ കവാനിക്കും ലൂയിസ് സുവാരേസിനും ഗോൾ കണ്ടെത്താൻ കഴിയാത്തതാണ് ഉറുഗ്വേയുടെ പ്രശ്‌നം.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാന ദക്ഷിണ കൊറിയയെ നേരിടും. 3 നേർക്കുനേർ പോരാട്ടങ്ങളിൽ ഉറുഗ്വേയ്ക്ക് എതിരെ പോർച്ചുഗലിന് ഒരു ജയം, ഒരു സമനില, ഒരു തോൽവി.
ഇന്നത്തെ മറ്റു മത്സരങ്ങളിൽ കാമറൂൺ സെർബിയയെയും ദക്ഷിണകൊറിയ ഘാനയെയും നേരിടും.