ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്ന മൊറോക്കോ പറങ്കിപ്പടയെ വീഴ്‍ത്തുമോ ? ഇന്നത്തെ ആദ്യ ക്വാർട്ടർഫൈനൽ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. പറങ്കികളുടെ കൂടാരം പൊളിക്കാൻ അട്ടിമറികളുടെ തോഴന്മാരായ മൊറോക്കോ. ലോകത്തിന്റെ കണ്ണുകൾ ദോഹയിലെ അൽ തുമാമാ സ്റ്റേഡിയത്തിലേക്ക്

author-image
nidheesh kumar
New Update

publive-image

Advertisment

ദോഹ:ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്ന മൊറോക്കോ പറങ്കിപ്പടയെ വീഴ്‍ത്തുമോ ? ലോകത്തിന്റെ കണ്ണുകൾ ദോഹയിലേക്കാണ്. ഇന്നത്തെ ആദ്യ ക്വാർട്ടർഫൈനൽ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. പറങ്കികളുടെ കൂടാരം പൊളിക്കാൻ അട്ടിമറികളുടെ തോഴന്മാരായ മൊറോക്കോ ഇറങ്ങുമ്പോൾ ഫുട്ബാൾ ആരാധകരുടെ ആകാംക്ഷയേറുന്നു.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾ രഹിത സമനിലയിൽ തളയ്ക്കുകയും രണ്ടാം മത്സരത്തിൽ ബെൽജിയത്തെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് അട്ടിമറിക്കുകയും ചെയ്ത മൊറോക്കോ അവിസ്മരണീയ പ്രകടനം പുറത്തെടുത്തത് സ്പെയ്നിന് എതിരായ മൂന്നാം മത്സരത്തിലാണ്.

നിശ്ചിത സമയത്തും അധിക സമയത്തും മുൻ ലോക ചാമ്പ്യന്മാരെ ഗോളടിക്കാൻ അനുവദിക്കാതെ മൊറോക്കോക്കാർ പൂട്ടിയിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകളിലൊന്നുപോലും വലയിലാക്കാൻ കഴിയാതെയാണ് സ്പെയ്ൻ ഇളിഭ്യരായി പുറത്തേക്കുപോയത്.

പോർച്ചുഗൽ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വലിയ പരിക്കുകളില്ലാതെ വിജയിച്ചുവന്നെങ്കിലും മൂന്നാം മത്സരത്തിൽ ദക്ഷിണ കൊറിയയിൽ നിന്ന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് നാണക്കേടായിരുന്നു.സ്വിറ്റ്സർലാൻഡിനെതിരായ പ്രീ ക്വാർട്ടറിൽ അരഡസൻ ഗോളുകളടിച്ചു ജയിച്ചാണ് ഇത് മറികടന്നത്.

എന്നാൽ ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായി. രണ്ടാം പകുതിയിൽ ഉപയോഗിക്കാൻ തന്ത്രപരമായി ക്രിസ്റ്റ്യാനോയെ മാറ്റിനിറുത്തിയതാണെന്ന് കോച്ച് ഫെർണാണ്ടോ സാന്റോസ് വിശദീകരിച്ചെങ്കിലും കോച്ചുമായി ഉടക്കി ക്രിസ്റ്റ്യാനോ ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങി എന്ന വാർത്തകളും പിന്നാലെയെത്തി.

പോർച്ചുഗൽ ഫുട്ബാൾ അസോസിയേഷനും പിന്നീട് ക്രിസ്റ്റളാനോയും ഇത് നിഷേധിച്ച് രംഗത്തുവന്നു. പോർച്ചുഗലിന്റെ കിരീടസാദ്ധ്യത തകർക്കാൻ ചില 'പുറംശക്തികൾ'കെട്ടിച്ചമയ്ക്കുന്ന വാർത്തകളാണ് ഇവയെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്.


ഒരു പതിറ്റാണ്ടിലേറെയായി പോർച്ചുഗലിന്റെ ശക്തികേന്ദ്രം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഇപ്പോൾ 37 വയസിലെത്തി. ഒരു മത്സരത്തിലും ക്രിസ്റ്റ്യാനോ മുഴുവൻ സമയവും കളിച്ചിരുന്നില്ല. ആദ്യ പകുതിയിലാണോ രണ്ടാം പകുതിയിലാണോ ക്രിസ്റ്റ്യാനോ വേണ്ടതെന്ന കോച്ചിന്റെ താത്പര്യമാണ് പ്രീ ക്വാർട്ടറിൽ കണ്ടത്.


അധികസമയത്തേക്ക് കളി നീണ്ടാൽ ടീമിന് പ്രചോദനം പകരാൻ ക്രിസ്റ്റ്യാനോയുടെ സാന്നിദ്ധ്യം അിവാര്യമായതിനാൽ രണ്ടാം പകുതിയിലാകും ഇറക്കുക. അല്ലെങ്കിൽ മുഴുവൻ സമയം കളത്തിൽ ഇറക്കാൻ കോച്ച് തീരുമാനിക്കണം.

ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ഫസ്റ്റ് ഇലവനിലെത്തി ഹാട്രിക് നേടിയ ഗോൺസാലോ റാമോസ്, മികച്ച ഫോമിലുള്ളബ്രൂണോ ഫെർണാണ്ടസ്, യാവോ ഫെലിക്സ്, ഗ്വിറേറോ,വില്യം കാർവാലോ തുടങ്ങിയവരാണ് പോർച്ചുഗലിന്റെ കരുത്ത്. പെപ നേതൃത്വം നൽകുന്ന പ്രതിരോധത്തിനാണ് ഇന്ന് കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരിക. പെട്ടെന്നുള്ള മുന്നേറ്റങ്ങളും ലോംഗ് പാസുകളും കൊണ്ടാവും മൊറോക്കോ ആക്രമണം നടത്തുക.

ആദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന മൊറോക്കോയ്ക്ക് കിട്ടുന്നതെല്ലാം ബോണസാണ്. ഒരു സമ്മർദ്ദവുമില്ലാതെ കളിക്കാം. കിടയറ്റ പ്രതിരോധമാണ് മൊറോക്കോയുടെ പ്ളസ് പോയിന്റ്. തങ്ങളുടെ തട്ടകം വിട്ടിറങ്ങാൻ മൊറോക്കോ ഡിഫൻഡർമാർ തയ്യാറാവാത്തതാണ് സ്പെയ്നിന് തിരിച്ചടിയായത്.

മൊറോക്കോ ഡിഫൻസിനെ എങ്ങനെ വീഴ്ത്തണം എന്നതിന് പോർച്ചുഗലിന് മുന്നിൽ ഈ ലോകകപ്പിൽ ഉദാഹരണങ്ങളില്ല. കൊമ്പന്മാരായ ക്രൊയേഷ്യ, ബെൽജിയം, സ്പെയ്ൻ എന്നിവർ വിചാരിച്ചിട്ട് അതിന് സാധിച്ചിട്ടില്ല. ഹക്കിം സിയേഷ്,ബൗഫൽ, യെൻ നെസെയ്റി, അമ്രാബത്ത് എന്നിവർ നേതൃത്വം നൽകുന്ന മുൻനിര കിട്ടുന്ന അവസരങ്ങളിൽ മാത്രം ഓടിയെത്തി ആക്രമണം അഴിച്ചുവിടുന്നവരാണ്.


ഉയരവും മികച്ച ശാരീരിക ക്ഷമതയുമാണ് മൊറോക്കോ താരങ്ങളുടെ പ്ളസ് പോയിന്റ്. അഷ്റഫ് ഹക്കീമി, ക്യാപ്ടൻ സായിസ്, അഗുറേഡ്, മസ്റോയ് എന്നിവർ അണിനിക്കുന്ന പ്രതിരോധനിരയ്ക്ക് ഉരുക്കിന്റെ കരുത്തുണ്ട്. ഷൂട്ടൗട്ടിൽ രണ്ട് സ്പാനിഷ് കിക്കുകൾ തട്ടിക്കളഞ്ഞ ഗോളി ബനോയും മികച്ച ഫോമിൽ.


13 ഗോളുകൾ നേടിയാണ് പോർച്ചുഗൽ ക്വാർട്ടറിലെത്തിയിരിക്കുന്നത്. നാലുഗോളുകൾ മാത്രമാണ് വഴങ്ങിയത്. 4 ഗോളുകൾ മാത്രമാണ് മൊറോക്കോ ഇതുവരെ നേടിയത്. കാഡയ്ക്കെതിരെ ഒരു ഗോൾ വഴങ്ങിയതല്ലാതെ മൂന്ന് കളികളിൽ ക്ളീൻ ഷീറ്റ്. ലോകകപ്പ് ക്വാർട്ടറിലെത്തുന്ന ആദ്യ ആഫ്രോ- അറബ് രാജ്യമാണ് മൊറോക്കോ.

ലോകകപ്പ് ക്വാർട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യവും ഷൂട്ടൗട്ടിൽ വിജയിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യവും. 1990ൽ കാമറൂൺ,2002ൽ സെനഗൽ,2010ൽ ഘാന എന്നിവരാണ് ഇതിന് മുമ്പ് ക്വാർട്ടറിലെത്തിയ ആഫ്രിക്കൻ രാജ്യങ്ങൾ. മൂന്നാം തവണയാണ് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ കളിക്കുന്നത്.1966ൽ യുസേബിയോയും സംഘവും മൂന്നാം സ്ഥാനത്തെത്തി.2006ൽ ഫിഗോയും ക്രിസ്റ്റ്യാനോയും ചേർന്ന് മൂന്നാം സ്ഥാനത്തെത്തിച്ചു.

Advertisment