ദോഹ: പാകമാകാത്ത അർജന്റീനൻ ജേഴ്സിയിട്ട് മെസിക്കാപ്പം ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടിയ പത്ത് വയസുകാരൻ വളർന്ന് രാജ്യത്തിന്റെ പ്രതീക്ഷയും മെസിയുടെ കൂട്ടുകാരനുമായി. കളിക്കളത്തിൽ മെസിയുടെ പങ്കാളിയായി ജൂലിയൻ അൽവാരസ്. ഒരു മത്സരത്തിനപ്പുറം അവനെ കാത്തിരിക്കുന്നത് ലോകകിരീടമാണ്.
പേരുകേട്ട ബ്രസീലിനെപ്പോലും തടഞ്ഞു നിറുത്തിയ കടുകട്ടിയായ ക്രൊയേഷ്യൻ പ്രതിരോധകോട്ട തകർത്ത് സെമിയിൽ അർജന്റീനൻ അധിനിവേശത്തിന് വഴിവെട്ടിയത് ഈ അഞ്ചടി ഏഴിഞ്ചുകാരനാണ്. സെമിയിൽ അർജന്റീന നേടിയ മൂന്ന് ഗോളിന് പിന്നിലും അൽവാരസുണ്ടായിരുന്നു.
മുപ്പത് മിനിട്ടോളം അർജന്റീനയെ സമയർത്ഥമായി തളച്ച ക്രൊയേഷ്യയെ തളർത്തിക്കളഞ്ഞ 34-ാം മിനിട്ടിലെ മെസിയുടെ പെനാൽറ്റി ഗോളിന് പിന്നിലെ പ്രധാന സാന്നിധ്യമായിരുന്നു അൽവാരസ്. മദ്ധ്യനിരയിൽ നിന്ന് കിട്ടിയ ത്രൂബാളുമായി ക്രൊയേഷ്യൻ പ്രതിരോധത്തെ കബളിപ്പിച്ച് ഗോൾ പോസ്റ്റിനടുത്തേക്ക് മുന്നേറിയ അൽവാരസിനെ ഗോൾ കീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി കിട്ടിയത്.
ആ പെനാൽറ്റി ഗോൾ വീണതുമുതലാണ് ക്രൊയേഷ്യ തോറ്റു തുടങ്ങിയത്. അഞ്ച് മിനിട്ടിനകം ഈ ലോകകപ്പ് കണ്ട ഏറ്രവും മികച്ച ഗോളുകളിലൊന്ന് തന്റെ പേരിലെഴുതിച്ചേർത്തു കൊണ്ട് അൽവാരസ് അർജന്റീനയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.
സ്വന്തം ഹാഫിൽ നിന്ന് പന്തുമായി മുന്നേറി തടയാൻ വന്ന ഗോളി ലിവാകോവിച്ച് ഉൾപ്പെടെയുള്ള നാല് ക്രൊയേഷ്യൻ താരങ്ങളെ മറികടന്ന് തന്റെ പ്രതിഭ ലോകത്തിന് കാട്ടിക്കൊടുത്ത സോളോ ഗോളിലൂടെ അൽവാരസ് വലകുലുക്കുമ്പോൾ ഗാലറിയിലെ ഇരിപ്പടത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് കൈയടിച്ചാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ താരത്തെ അഭിനന്ദിച്ചത്.
ഗ്വാർഡിയോൾ എന്ന ഈ ലോകകപ്പിലെ തന്നെ ഏറ്രവും മികച്ച പ്രതിരോധ താരത്തെ നിരായുധനാക്കി മെസി നൽകിയ ക്ലാസിക്ക് പാസ് 69-ാം മിനിട്ടിൽ ഗോളിലേക്ക് തിരിച്ചുവിട്ട് അർജന്റീനയുടെ ജയമുറപ്പിച്ചതും അൽവാരസായിരുന്നു.
ആദ്യ ഇലവനിൽ അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനമാണ് അൽവാരസ് പുറത്തെടുത്തത്. പോളണ്ടിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ ഗോൾ കണ്ടെത്തിയ അൽവാരസ് പ്രീക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെയും വലകുലുക്കി അർജന്റീനയുടെ ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. ലോകകപ്പിലാകെ നാല് ഗോുകൾ നേടി ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മെസിക്കും എംബാപ്പെയ്ക്കും തൊട്ടുപിന്നിലുണ്ട് അൽവാരസ്.
2000 ജനുവരി 31ന് അർജന്റീനയിലെ കൊർഡോബ ഗ്രാമത്തിലായിരുന്നു അൽവാരസിന്റെ ജനനം. കൊർഡോബയ്ക്കടുത്തുള്ള കാൽചിനിലാണ് അൽവാരസ് വളർന്നത്. ചെറുപ്പത്തിൽ തന്നെക്കാൾ ഏറെ പ്രായമുള്ളവർക്കെതിരെ കളിച്ച് നിരന്തരം ഗോളുകൾ കണ്ടെത്തിയിരുന്ന അൽവാരസിനെ എട്ടുകാലിയെന്നർത്ഥം വരുന്ന അരാനയെന്നാണ് കൂട്ടുകാർ വിളിച്ചിരുന്നത്.
മെസിയുടെ കടുത്ത ആരാധകനായിരുന്നു കുഞ്ഞ് അൽവാരസ്. തന്റെ ഏറ്റവും വലിയ ആഗ്രഹം മെസിക്കൊപ്പം അർജന്റീനൻ ജേഴ്സിയിൽ ലോകകപ്പിൽ കളിക്കുകയെന്നതാണെന്ന് 12-ാം വയസിൽ ഒരു ഇന്റർവ്യൂവിൽ അൽവാരസ് പറയുന്നുണ്ട്.
അർജന്റീനൻ മുൻനിര ക്ലബായ റിവർപ്ലേറ്റിനായി ഗോളുകളടിച്ചു കൂട്ടിയ അൽവാരസിനെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്റി തങ്ങളുടെ തട്ടകത്തിൽ കഴിഞ്ഞ ജനുവരിയിൽ എത്തിച്ചു. റിവർപ്ലേറ്റിലെ ഗോളടിമികവാണ് അർജന്റീനൻ കോച്ച് ലയണൽ സ്കലോണിയുടെ കണ്ണിലും അൽവാരസ് പതിയാൻ കാരണമായത്.
കോപ്പ അമേരിക്ക ടീമിൽ അംഗമായിരുന്നെങ്കിലും കഴിഞ്ഞ വർഷമാണ് മെസിക്കൊപ്പം കളിക്കുകയെന്ന അൽവാരസിന്റെ സ്വപ്നം സഫലമായത്. 2021 ജൂണിൽ ചിലെക്കെതിരെയായിരുന്നു അൽ വാരസിന്റെ അർജന്റീനൻ ജേഴ്സിയിലെ അരങ്ങേറ്റം.
പാകമാകാത്ത അർജന്റീനൻ ജേഴ്സിയിട്ട് മെസിക്കാപ്പം ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടിയ പത്ത് വയസുകാരനിൽ നിന്ന് പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറം തന്റെ ഐക്കണിനൊപ്പം മാതൃരാജ്യത്തെ കാല്പന്തുകളിയിലെ പൂർണതയ്ക്ക് ഒരുകാല്പാടിപ്പുറം എത്തിച്ചിരിക്കുകയാണ് അൽവാരസ്. ഒരു മത്സരത്തിനപ്പുറം അവനെ കാത്തിരിക്കുന്നത് ലോകകിരീടമാണ്.