Advertisment

എന്തുകൊണ്ട് 'ചിക്കന്‍ 65'ന് ആ പേര്? സത്യകഥ ഇതാണ്

author-image
admin
Updated On
New Update

publive-image

Advertisment

നോണ്‍ വെജിറ്റേറിയനായ ഏതൊരാളും ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ചിക്കന്‍. ചിക്കനുപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങള്‍ അനവധിയാണ്. എങ്കിലും ചിക്കന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന, വിഭവങ്ങളുടെ ഒരു ചെറുപട്ടികയുണ്ടെങ്കില്‍ അതില്‍ തീര്‍ച്ചയായും ചിക്കന്‍ 65ന്റെ പേരുണ്ടാകും.

അത്രമാത്രം നമ്മുടെയെല്ലാം മനസില്‍ പതിഞ്ഞുപോയൊരു ചിക്കന്‍ വിഭവമാണ് ചിക്കന്‍ 65. എന്തുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന്, നമ്പര്‍ ചേര്‍ത്ത് പേര് വന്നതെന്ന് നിങ്ങളില്‍ പലരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടായിരിക്കും?

ഇത് ഭക്ഷണപ്രിയര്‍ക്കിടെ പലപ്പോഴും ചര്‍ച്ചയാകാറുള്ള വിഷയം കൂടിയാണ്. പല വാദങ്ങള്‍ ഇത് സംബന്ധിച്ച് ഉയര്‍ന്നുവരാറുണ്ട്. ചിക്കന്‍ 65 കഷ്ണമാക്കി മുറിച്ച് തയ്യാറാക്കുന്നത് കൊണ്ടാണ് ഈ പേരെന്ന് വാദിക്കുന്നവരുണ്ട്. 65 തരം ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്നത് കൊണ്ടാണെന്നും, 65 ദിവസം മാരിനേറ്റ് ചെയ്ത് വച്ച ശേഷം തയ്യാറാക്കുന്നത് കൊണ്ടാണെന്നുമെല്ലാം വാദമുണ്ടാകാറുണ്ട്.

എന്നാല്‍ ഈ വാദങ്ങളൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നാണ് ഫുഡ് വ്‌ളോഗറായ രൗണക് തന്റെ പുതിയ വീഡിയോയിലൂടെ പറയുന്നത്. എന്തുകൊണ്ടാണ് ചിക്കന്‍ 65ന് ആ പേര് വീണതെന്നും രൗണക് വ്യക്തമാക്കുന്നുണ്ട്. ചെന്നൈയിലെ മൗണ്ട് റോഡില്‍ ബുഹാരി എന്നൊരു ഹോട്ടലുണ്ട്. ഇവിടെ 1965ല്‍ ആദ്യമായി തയ്യാറാക്കപ്പെട്ടത് കൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന് പേര് വീണതെന്നാണ് രൗണക് വ്യക്തമാക്കുന്നത്.

എന്ന് മാത്രമല്ല, ഇതിന് ശേഷം ഇതേ ഹോട്ടലില്‍ ചിക്കന്‍ 78ഉം ചിക്കന്‍ 90യുമെല്ലാം വന്നുവെന്നും ഇപ്പോഴും ഈ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും രൗണക് പറയുന്നു. 1951ല്‍ എ എം ബുഹാരി എന്നയാളാണത്രേ ഈ ഹോട്ടല്‍ ആരംഭിച്ചത്. ഹോട്ടലിന്റെ പഴയകാല ചിത്രവും പുതിയകാല ചിത്രവും രണൗക് തന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി ഭക്ഷണപ്രേമികളാണ് രണൗകിന്റെ വീഡിയോക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. ഇതുവരെ കേള്‍ക്കാത്തൊരു വിവരമാണിതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഈ വിവരം പങ്കുവച്ചതിന് നന്ദി അറിയിക്കുന്നവരുമുണ്ട്. ഭക്ഷണത്തെ കുറിച്ച് ഇത്തരം രസകരമായപല കണ്ടെത്തലുകളും നേരത്തെയും രണൗക് നടത്തിയിട്ടുണ്ട്. ഈ വീഡിയോകളെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

Advertisment