Advertisment

ഉയർന്ന തോതിലുള്ള കൊളാജൻ 12 അർബുദ കോശങ്ങളെ അവയുടെ പ്രഭവ സ്ഥാനത്തുനിന്ന് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാൻ സഹായിക്കുമെന്ന് ഗവേഷകർ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

എല്ലുകൾ, തരുണാസ്ഥി, മാംസപേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ടെൻഡനുകൾ, സന്ധികൾ, ചർമം തുടങ്ങിയ കോശസംയുക്തങ്ങളിൽ കാണപ്പെടുന്ന ഒരു തരം പ്രോട്ടീനാണ് കൊളാജൻ. 28 ടൈപ്പ് കൊളാജനുകൾ മനുഷ്യനിൽ കണ്ടെത്തിയിട്ടുണ്ട്.

Advertisment

ഇക്കൂട്ടത്തിൽപ്പെട്ട കൊളാജൻ 12, സ്തനാർബുദ കോശങ്ങൾ ശരീരത്തിൽ പടരുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. ഓസ്ട്രേലിയയിലെ ഗാർവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

publive-image

ഉയർന്ന തോതിലുള്ള കൊളാജൻ 12 അർബുദ കോശങ്ങളെ അവയുടെ പ്രഭവ സ്ഥാനത്തുനിന്ന് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

അർബുദ കോശങ്ങൾക്ക് ചുറ്റുമുള്ള ‘ട്യൂമർ മൈക്രോ’ പരിസ്ഥിതിയുടെ ഭാഗമാണ് കൊളാജനെന്നും വിത്തുകൾക്കു വളരാൻ മണ്ണ് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നതുപോലെ അർബുദ കോശങ്ങൾക്കു പെരുകാൻ ഈ ആവരണം സഹായകമാകുമെന്നും ഗാർവാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോഷ്യേറ്റ് പ്രഫസർ തോമസ് കോക്സ് പറയുന്നു.

കൊളാജൻ അടങ്ങിയ ഈ ആവരണത്തെ കുറിച്ച് കൂടുതൽ പഠിക്കുന്നതു വഴി, എന്തുകൊണ്ടാണ് ചില അർബുദ കോശങ്ങൾ മറ്റുള്ളവയെക്കാൾ മാരകമാകുന്നതെന്ന് അറിയാൻ സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. അർബുദ ചികിത്സയ്ക്ക് നൂതന മാര്‍ഗങ്ങൾ വികസിപ്പിക്കാനും ഇത് സഹായകമാകാമെന്ന് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രത്യാശ പ്രകടിപ്പിക്കുന്നു.

എലികളിൽ നടത്തിയ പഠനത്തിൽ, അർബുദ കോശങ്ങൾ വളരുന്നതിനൊപ്പം കൊളാജൻ 12 ന്റെ തോതും വർധിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചു. അർബുദത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ച് അവയെ കൂടുതൽ ആക്രമണോത്സുകരാക്കുന്നതിൽ കൊളാജന് പങ്കുണ്ടെന്നും ഗവേഷകർ കരുതുന്നു.

അർബുദ കോശങ്ങളുടെ ബയോപ്സിയിൽ കൊളാജൻ 12 ന്റെ തോത് കൂടി അളക്കുന്നത് അർബുദം എത്രവേഗം പടരാമെന്നതിനെക്കുറിച്ച് സൂചനകൾ നൽകുമെന്നും പഠന റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

Advertisment