Advertisment

കുട്ടികളിലെ അമിതവണ്ണം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

തീരെ ചെറുപ്പത്തില്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതായിരിക്കും മാതാപിതാക്കളുടെ തലവേദന. എന്നാൽ പിന്നീടങ്ങോട്ട് ജങ്ക് ഫുഡ് അടക്കം പുറത്തുനിന്നുള്ള ഭക്ഷണങ്ങളിലേക്ക് കുട്ടികള്‍ തിരിയുമ്പോഴും അവരുടെ ശരീരഭാരം പ്രായത്തെയും കടന്ന് കൂടിവരുമ്പോഴും മിക്ക മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിക്കില്ല. വണ്ണം മൂലം എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ മാത്രമാണ് ഇതിലെ അപകടം ഇവര്‍ തിരിച്ചറിയുന്നത്. മൂന്നേ മൂന്ന് കാര്യങ്ങള്‍  തുടക്കം മുതല്‍ മാതാപിതാക്കള്‍ ഉറപ്പുവരുത്തിയാല്‍ അപകടകരമാംവിധം കുട്ടികള്‍ വണ്ണം വയ്ക്കുന്നത് തടയാൻ സാധിക്കും.

Advertisment

publive-image

ഒന്ന് 

പ്രഥമപ്രധാനമായി ശ്രദ്ധിക്കേണ്ടത് ഡയറ്റ് അഥവാ ഭക്ഷണം തന്നെയാണ്. ഇത് കഴിഞ്ഞേ മറ്റ് ഏത് കാര്യവും വരൂ. അളവ് നോക്കി കുട്ടികളെ ഭക്ഷണം ശീലിപ്പിക്കുക. അമിതമായി കുട്ടികളെ കഴിപ്പിക്കുകയോ അരുത്. പുറത്തുനിന്നുള്ള ഭക്ഷണം നല്ലരീതിയില്‍ ചുരുക്കണം. അവര്‍ക്ക് ഇഷ്മുള്ള വിഭവങ്ങളെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കി നല്‍കാം. ഇടയ്ക്ക് മാത്രം പുറത്തെ ഭക്ഷണം നല്‍കാം.

ഭക്ഷണം കഴിക്കുമ്പോള്‍ പതിയെ കഴിക്കാനും, നന്നായി ചവച്ചരച്ച് കഴിക്കാനും അവരെ പരിശിലീപ്പിക്കുക. എന്തെങ്കിലും കാര്യങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കാനോ, അല്ലെങ്കില്‍ സമ്മാനമായോ ഒന്നും ഭക്ഷണം വാങ്ങിക്കൊടുത്ത് അവരെ ശീലിപ്പിക്കാതിരിക്കുക. മോശം ഭക്ഷണങ്ങളെ അങ്ങനെ തന്നെ പരിചയപ്പെടുത്തി, അതിനെ അവരില്‍ നിന്ന് അകറ്റി കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ ഡ്യൂട്ടി തന്നെയാണ്. ഒപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങളെ പ്രമോട്ട് ചെയ്യുകയും വേണം.

സങ്കടം, സന്തോഷം, ടെൻഷൻ, പരീക്ഷപ്പേടി എന്നിങ്ങനെ വൈകാരികമായ പ്രശ്നങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിന് പരിഹാരമായി ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന പ്രവണതയും അവരില്‍ വളര്‍ത്തരുത്.

രണ്ട് 

കായികമായ കാര്യങ്ങളിലേക്ക് കുട്ടികളെ ലിംഗഭേദമെന്യേ കൊണ്ടെത്തിക്കണം. വീട്ടുജോലിയോ, കായികവിനോദങ്ങളോ എന്തുമാകാം ഇത്. അതല്ലെങ്കില്‍ മാതാപിതാക്കള്‍ തന്നെ വര്‍ക്കൗട്ട്, യോഗ പോലുള്ള കാര്യങ്ങള്‍ ചെയ്ത് അവരെയും സ്വാധീനിക്കണം. മുതിര്‍ന്നവര്‍ ചെയ്യാതെ കുട്ടികളെ മാത്രം അതിന് നിര്‍ബന്ധിച്ചാലും ഒരുപക്ഷെ ഫലം കാണില്ല.

ഇന്ന് മൊബൈല്‍ ഫോണില്‍ കുത്തിയിരുന്ന് മാത്രം കുട്ടികള്‍ ചെലവിടുന്നത് മണിക്കൂറുകളാണ്. ഇതിനിടയില്‍ അല്‍പസമയമെങ്കില്‍ ശരീരം അനങ്ങിയില്ലെങ്കില്‍ അത് ഭാവിയില്‍ അവരുടെ ആരോഗ്യത്തെ എത്രമാത്രം ബാധിക്കുമെന്നത് എങ്ങനെയും അവരെ ധരിപ്പിക്കുക. നല്ലൊരു മാതൃക തുടക്കം തൊട്ടേ വീട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കുട്ടികള്‍ ഇതിലേക്ക് തിരിയും.

മൂന്ന് 

മുകളില്‍ സൂചിപ്പിച്ചത് പോലെ മൊബൈല്‍ ഫോണില്‍ കുത്തിയിരുന്ന് മണിക്കൂറുകള്‍ ചെലവിടുക, ടിവി - ഗെയിം- മൂവീസ്- സീരീസ് എന്നിങ്ങനെ മണിക്കൂറുകള്‍ ഒരേ ഇരിപ്പ് തുടരുക, സമയം നോക്കാതെയുള്ള മണിക്കൂറുകള്‍ നീളുന്ന ഉറക്കം ഇതെല്ലാം അമിതവണ്ണത്തിലേക്കും വിവിധ അസുഖങ്ങളിലേക്കും കുട്ടികളെ എത്തിക്കും. എല്ലാത്തിനും സമയപരിധി നിശ്ചയിക്കുക. ഇതെല്ലാം കുട്ടികള്‍ ചെറുതാകുമ്പോള്‍ മുതല്‍ തന്നെ ശീലിപ്പിക്കുക. ഒപ്പം തന്നെ എല്ലാ കാര്യങ്ങളിലും അവര്‍ക്ക് മാതൃകയാകാൻ മാതാപിതാക്കള്‍ക്ക് കഴിയുകയും വേണം.

മാതാപിതാക്കള്‍ എപ്പോഴും പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയും, പ്രത്യേകിച്ച് മറ്റ് കായികാധ്വാനങ്ങളൊന്നുമില്ലാതെ മൊബൈല്‍ ഫോണും നോക്കി സമയം കളയുകയും, സമയപ്രശ്നങ്ങളില്ലാതെ ഉറങ്ങുകയും എല്ലാം ചെയ്യുമ്പോള്‍ കുട്ടികളോട് ഇക്കാര്യങ്ങള്‍ കൃത്യമാക്കാൻ നിര്‍ദേശിക്കാനാവില്ല. അതിനാല്‍ കുട്ടികള്‍ ഒരു പ്രായമെത്തും വരെ അവരെ നല്ലരീതിയില്‍ മാത്രം സ്വാധീനിക്കുക. അതിന് ശേഷം വ്യക്തിപരമായ അവരുടെ ബാധ്യത അവര്‍ സ്വയം ഏറ്റെടുക്കട്ടെ.

Advertisment