തമിഴ്നാട് ദിണ്ടിഗലിൽ വെളുത്തുള്ളി മൊത്തവ്യാപാരിയെ പട്ടാപ്പകൽ അജ്ഞാതർ വെട്ടിക്കൊന്നു

New Update

ദിണ്ടിഗല്‍: തമിഴ്നാട് ദിണ്ടിഗലിൽ വെളുത്തുള്ളി മൊത്തവ്യാപാരിയെ പട്ടാപ്പകൽ അജ്ഞാതർ വെട്ടിക്കൊന്നു. വേടപ്പട്ടി സ്വദേശി ചിന്നത്തമ്പിയാണ് മരിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസിന്‍റെ നിഗമനം. ദിണ്ടിഗൽ മേഖലയിലെ പ്രമുഖ വെളുത്തുള്ളി മൊത്തവ്യാപാരിയായിരുന്നു ചിന്നത്തമ്പി. ഇന്നലെ കച്ചവടത്തിനായി അങ്ങാടിയിലേക്ക് പോകാതെ അനുജന്‍റെ വീട്ടിലാണ് ചിന്നത്തമ്പി തങ്ങിയത്.

Advertisment

publive-image

പകൽ അഞ്ചിലധികം പേർ അരിവാളുകളുമായി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി ചിന്നത്തമ്പിയെ വെട്ടിക്കൊലപ്പടുത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ചിന്നത്തമ്പി സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസെത്തിയാണ് മൃതദേഹം ദിണ്ടിഗൽ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. വ്യാപാര രംഗത്തെ തർക്കങ്ങളെ തുടർന്ന് ചിന്നത്തമ്പിക്ക് പ്രാദേശികമായി ശത്രുക്കളുണ്ടായിരുന്നു.

സംഭവത്തില്‍ ദിണ്ടിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിന്നത്തമ്പിയുടെ സഹോദരനെ ലക്ഷ്യമിട്ടെത്തിയവരാണോ ചിന്നത്തമ്പിയുടെ തന്നെ ശത്രുക്കളാണോ കൊല നടത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

നേരത്തെ ദിണ്ടിഗലിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ വെടിയേറ്റ് രണ്ട് കർഷകർ ഗുരുതരാവസ്ഥയിലായിരുന്നു. ധനപാലൻ എന്ന വിരമിച്ച സൈനികനാണ് നാടൻ തോക്കുകൊണ്ട് വെടിവച്ചത്. ദിണ്ടിഗൽ സിരുമലൈയിലാണ് സംഭവം. വെടിവച്ച മുൻ സൈനികൻ ധനപാലൻ ഒളിവിലാണ്. കാരൈക്കുടി സ്വദേശിയായ ധനപാലൻ എന്ന മുൻ സൈനികനും അയ്യംപാളയത്തിനടുത്ത് നെല്ലൂർ സ്വദേശിയായ കറുപ്പയ്യയും തമ്മിലുള്ള ഭൂമിയിടപാട് തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.

വാക്കുതർക്കത്തിനിടെ ക്ഷുഭിതനായ ധനപാലൻ കയ്യിലുണ്ടായിരുന്ന നാടൻ തോക്കുകൊണ്ട് കറുപ്പയ്യയെ വെടിവയ്ക്കുകയായിരുന്നു. വയറിലും തുടയിലും വെടിയേറ്റ കറുപ്പയ്യക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനിടയിലേക്ക് തടയാൻ ചാടിവീണ അയ്യാക്കണ്ണ് എന്ന കർഷകനും വെടിയേല്‍ക്കുകയായിരുന്നു.

Advertisment