കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പയുടെ വീടിനുനേരെ കല്ലേറ്. അക്രമികൾ വീട്ടിലേക്ക് തള്ളിക്കയറാനും ശ്രമിച്ചതായി റിപ്പോർട്ട്. വീടിനു മുന്നില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിനുനേരെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു ബംജാര സമുദായത്തില്‍പ്പെടുന്നവരുടെ ആക്രമണം നടന്നത്.
/sathyam/media/post_attachments/VeIheYIv8SWV8obV6pzj.jpg)
എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമാണ് ബിജെപി നേതാവിന്റെ വീടിന് നേരെയുള്ള അക്രമത്തില്‍ കലാശിച്ചത്. എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമുദായം ഏറെക്കാലമായി പ്രതിഷേധം നടത്തിവരികയാണ്. ഈ സാഹചര്യത്തിൽ ആണ് പ്രതിഷേധം ഉണ്ടായത്.
കഴിഞ്ഞ ദിവസം സംവരണക്രമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. അന്നും തങ്ങളെ തഴഞ്ഞുവെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. സംവരണത്തെക്കുറിച്ചുള്ള ജസ്റ്റിസ് എജെ സദാശിവ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ബംജാര വിഭാഗം ആവശ്യപ്പെട്ടു. സമാധാനപരമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളെ തമ്മില്‍ തെറ്റിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ റിപ്പോര്‍ട്ട് എന്നാണ് ഇവരുടെ വാദം.
ആയിരത്തിലധികം പേരാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിചേര്‍ന്നത്. പ്രതിഷേധം സംഘര്‍ഷത്തിലേക്കു തിരിഞ്ഞതോടെ പൊലീസ് ലാത്തി വീശി. പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചു. അതേസമയം പ്രതിഷേധക്കാര്‍ യെഡിയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെയും കോലം കത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us