പൂർവ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം പ്രതിസന്ധിയിലേക്ക്. ധാതുക്കൾ ഏപ്രിൽ നാല് മുതൽ ചൈനീസ് തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

ഇലക്ട്രിക് മോട്ടോർ പ്രവർത്തനത്തിന് നിർണായകമായ ധാതുക്കൾ ഏപ്രിൽ നാല് മുതൽ ചൈനീസ് തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

New Update
electric vehicle

മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം പ്രതിസന്ധിയിലേക്ക്. കാർ നിർമ്മാണത്തിലെ പ്രധാന ഘടകമായ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് കാരണമാകുന്നത്. 

Advertisment

അടുത്തമാസം ആദ്യംതന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്പാദനം നിലച്ചേക്കുമെന്ന് വാഹനക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. ചൈനീസ് ഉല്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത തീരുവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ബെയ്ജിങ് ഈ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 

ഇലക്ട്രിക് മോട്ടോർ പ്രവർത്തനത്തിന് നിർണായകമായ ധാതുക്കൾ ഏപ്രിൽ നാല് മുതൽ ചൈനീസ് തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.


2024–25 ൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖല 460 ടൺ അപൂർവ ധാതുക്കളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ കൂടുതലും ചൈനയിൽ നിന്നാണ്. ഈ വർഷം 30 ദശലക്ഷം ഡോളർ വിലമതിക്കുന്ന 700 ടൺ ഇറക്കുമതി ചെയ്യുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക്, പ്രത്യേകിച്ച് ചെലവ് കുറഞ്ഞ ഇരുചക്ര വാഹന വിഭാഗത്തിൽ, ചൈനയുടെ നടപടി നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയർത്തുന്നു. നിലവിലെ സ്ഥിതി ഏറെ ഗുരുതരമാണെന്ന് ബജാജ് മോട്ടോഴ്‌സ്, ടിവിഎസ് തുടങ്ങിയ കമ്പനികൾ വ്യക്തമാക്കുന്നു.

ചൈനയിൽ നിന്നും അപൂർവ ധാതുക്കളുടെ കയറ്റുമതി സാധ്യമാക്കുന്നതിന് ഇപ്പോൾ നിരവധി കടമ്പകളുണ്ട്. ഇന്ത്യൻ നിർമ്മാതാക്കൾ ധാതുക്കളുടെ അന്തിമ ഉപയോഗം സ്വയം പ്രഖ്യാപിക്കണം. 


അത് അധികാരികൾ മുഖേന ബഹുതല സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് വിധേയമാക്കണം. തുടർന്ന് ചൈനീസ് എംബസിയിൽ നിന്നുള്ള അന്തിമ അംഗീകാരം ലഭിക്കണം. ഏകദേശം 30 അപേക്ഷകൾ ഇന്ത്യൻ ഭാഗത്തുനിന്ന് ഇത്തരത്തിൽ ചൈനക്ക് ലഭിച്ചിരുന്നു, എന്നാൽ ഇവ ഇപ്പോഴും ചൈനീസ് ക്ലിയറൻസ് കാത്തിരിക്കുകയാണ്. 


അപൂർവ ധാതുക്കളുടെ ആഗോള ഉല്പാദനത്തിന്റെ ഏകദേശം 90 ശതമാനവും ചൈനയാണ് വഹിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങി നാം ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കളിൽ ഈ ധാതുക്കൾ ഉപയോഗിക്കുന്നുണ്ട്.

ഇവയ്ക്ക് പകരക്കാരെ കണ്ടെത്തുന്നത് എളുപ്പമല്ല. കൂടാതെ മലേഷ്യ, വിയറ്റ്‌നാം, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ബദലുകൾക്ക് ചെലവ് കൂടുതലാകും. ഇവ വേർതിരിച്ചെടുക്കാനും പ്രോസസ് ചെയ്യാനും പ്രയാസകരവും ചെലവേറിയതുമാണെന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു.