Advertisment

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക, മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിൽ വച്ച് പിടിപ്പിച്ചു ; വൈദ്യശാസ്ത്രലോകത്ത് ചരിത്ര നേട്ടം

author-image
admin
New Update

 

Advertisment

publive-image

ന്യൂയോർക്ക് : പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ച് പിടിപ്പിച്ച് ചരിത്ര നേട്ടവുമായി ന്യൂയോർക്കിലെ ഡോക്ടർമാർ. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിൽ വച്ച് പിടിപ്പിച്ചത്. സെപ്റ്റംബറിൽ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾ പുറത്തുവിടുന്നത് ഇപ്പോഴാണ്.

വൃക്ക നിരസിക്കുന്നതിന്റെ ലക്ഷണങ്ങൾ ശരീരം കാട്ടിയില്ലെന്നും ഉടൻ പ്രവർത്തിച്ച് തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു. മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത്. തങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് ശസ്ത്രക്രിയ ഫലപ്രദമായതെന്ന് എൻവൈയു ലാംഗോൺ ഹെൽത്തിൽ ടീമിനെ നയിക്കുന്ന ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.

“ജീവിച്ചിരിക്കുന്ന ഒരു ദാതാവിൽ നിന്ന് അവയവം മാറ്റി വയ്‌ക്കുന്നത് പോലെയല്ല ഇത്. മരിച്ചവരിൽ നിന്നുള്ള ധാരാളം വൃക്കകൾ ഉടൻ പ്രവർത്തിക്കില്ല, അത് പ്രവർത്തനം ആരംഭിക്കാൻ ദിവസങ്ങളോ ആഴ്ചകളോ എടുക്കും. എന്നാൽ ഇത് ഉടൻ പ്രവർത്തിച്ചു.” അദ്ദേഹം പറഞ്ഞു. വൃക്കയിലേക്കുള്ള രക്തക്കുഴലുകൾ ശരീരത്തിനു പുറത്തേക്ക് എടുത്താണ് പുതിയ വൃക്കയോട് ചേർത്തത്.

തുടർന്ന് വൃക്ക സാധാരണ രീതിയിൽ പ്രവർത്തിക്കുകയും മൂത്രം ഉൽപാദിപ്പിക്കുകയും ചെയ്തു. നൂറുകണക്കിനു വർഷങ്ങളായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്‌ക്കൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മൃഗങ്ങളുടെ രക്തം, ചർമം എന്നിവ മനുഷ്യരിൽ ഉപയോഗിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.

ചിമ്പാൻസികളുടെ വൃക്കകൾ ഏതാനും മനുഷ്യർക്ക് വച്ചുപിടിപ്പിച്ചിരുന്നു. പന്നികളുടെ ഹൃദയവാൽവുകൾ മനുഷ്യരിൽ ഉപയോഗിച്ചിട്ടുണ്ട്. പന്നികളുടെ , ഹ്രസ്വ ഗർഭകാലം, അവയവങ്ങൾ എന്നിവ മനുഷ്യരുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ അവരുടെ കോശങ്ങളിൽ ആൽഫ-ഗാൽ എന്ന പഞ്ചസാര പോലെയുള്ള പദാർത്ഥം മനുഷ്യരിൽ ഉടനടി അവയവ നിരസനത്തിന് കാരണമാകുന്നു.

അത് നീക്കം ചെയ്ത ശേഷമാണ് പന്നിയിൽ നിന്ന് വൃക്ക മാറ്റി വച്ചത്. പക്ഷേ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ജനിതകമാറ്റം വരുത്തിയ പന്നികളിൽ നിന്ന് വൃക്ക, ഹൃദയം, കരൾ മാറ്റിവയ്‌ക്കൽ എന്നിവ ആരംഭിക്കുന്നതിന് ഇനിയും കാലങ്ങൾ വേണ്ടി വരും.

NEWS
Advertisment