/sathyam/media/post_attachments/VTi3xRzruJgraYNYu0al.jpg)
ബാൽട്ടിമോർ: ചൈനയ്ക്കെതിരെ പ്രതിരോധം തീർക്കാൻ തായ്‌വാനെ സഹായിക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈനയിൽനിന്നു സൈനികവും രാഷ്ട്രീയവുമായി സമ്മർദ്ദം നേരിടുന്ന തായ്‌വാനെ സംരക്ഷിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധരാണെന്നാണ് സിഎൻഎൻ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബൈഡൻ മറുപടി പറഞ്ഞത്.
വിഷയത്തില്‍ ദീര്‍ഘകാലമായി അമേരിക്ക തുടര്‍ന്നുവന്നിരുന്ന 'തന്ത്രപരമായ മൗനം' നീക്കിയാണ് ചൈനയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക നിലപാടുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി.
അതിനിടെ ബൈഡന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്തെത്തി. തങ്ങള്‍ക്ക് സുപ്രധാനമായ വിഷയങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും വരുത്താന്‍ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകള്‍ നടത്തണം. അല്ലെങ്കിൽ അത് യുഎസ്–ചൈന ബന്ധത്തെയും തായ്‌വാൻ കടലിടുക്കിലെ സമാധാനാന്തരീക്ഷത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.