Advertisment

കവി മുത്തോലപുരം മോഹൻദാസ് ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കവിയും ബാല സാഹിത്യകാരനും സംസ്കൃത പണ്ഡിതനുമായിരുന്ന മുത്തലപുരം ഡോ. മോഹൻദാസ് (67) ഓസ്ട്രേലിയയിൽ അന്തരിച്ചു. ഓസ്ട്രേലിയയിലുള്ള മക്കളെ സന്ദർശിച്ചു മടങ്ങാനിരിക്കവെയായിരുന്നു അന്ത്യം. ശവസംസ്ക്കാരം പിന്നീട്.

തൊടുപുഴ ഡയറ്റ് സീനിയർ ലക്ചററായി വിരമിച്ചതിനു ശേഷം 40 വർഷത്തിലേറെക്കാലമായി ബാല പ്രസിദ്ധീകരണങ്ങളിൽ കുട്ടികൾക്കുവേണ്ടി കുട്ടിക്കവിതകൾ എഴുതിവരികയായിരുന്നു.

കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വച്ചു നടന്ന ഫോട്ടോ പ്രദർശനങ്ങളിൽ മോഹൻദാസിന്റെ പരിസ്ഥിതി ഫോട്ടോകൾ ഏറെ ശ്രദ്ധേയമായിരുന്നു. തുമ്പികളും, ഉറുമ്പുകളും അവയുടെ ജീവിതവും ഉൾപ്പെടുത്തിക്കൊണ്ടുള്ള മിഴിവാർന്ന ചിത്രങ്ങൾ വിവിധ പ്രസിദ്ധീകരണങ്ങളിൽ ഇടം പിടിച്ചു.

'പക്ഷികൾക്കായി ഇത്തിരി വെള്ളം വെച്ചൂടെ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രം കുട്ടികൾ ഏറ്റെടുക്കുകയും, പക്ഷികൾക്ക് പാത്രങ്ങളിൽ വെള്ളം ഒരുക്കി വക്കുന്ന മികച്ച പ്രവർത്തനമായി മാറുകയും ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടു.

കുട്ടിക്കവിതകളുടെയും, നർമ്മ കവിതകളുടെയും മറ്റും ചിത്രീകരണങ്ങളിലും ഫോട്ടോഗ്രാഫിയിലും വലിയ താൽപര്യം കാണിച്ചിരുന്നു.

സമകാലീന സംഭവങ്ങൾ ഇതിവൃത്തമാക്കി നർമ്മരസം ചാലിച്ച് എഴുതിയ കുട്ടിക്കവിതകളുടെയും, കുഞ്ഞു കുഞ്ഞു കഥകളും, നുറുങ്ങെഴുത്തുകളുമാണ് മോഹൻദാസിനെ സാഹിത്യലോകത്ത് ശ്രദ്ധേയനാക്കിയത്.

'തെരുവുനായ്ക്കൾ', 'ഇരിക്കേണ്ടിടത്ത് ഇരിക്കണം', കോവിഡ് കാലത്ത് എഴുതിയ 'പിണങ്ങരുതേ ചങ്ങാതി' 'ശീലക്കേട്' തുടങ്ങിയ കവിതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 'അമ്പട ഹയ്യട', 'തക്കിട തരികിട' എന്നീ രണ്ടു കവിതാ സമാഹാരങ്ങൾ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഓടി വാ തുമ്പി', 'കുഴിയാന', 'ക്രിക്കറ്റ് മണ്ടന്മാർ', 'കഥ കേട്ടോ മാളോരെ' എന്നീ 4 കവിതാസമാഹാരങ്ങൾ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും പ്രസിദ്ധികരിച്ചു.

സംസ്കൃത ഭാഷാ പോഷണത്തിനുള്ള പ്രവർത്തനങ്ങളിൽ സദാ വ്യാപൃതനായിരുന്നു. ചങ്ങമ്പുഴയുടെ “രമണൻ' സംസ്കൃതത്തിലേക്ക് മൊഴിമാറ്റം വരുത്തി വേദിയിലെത്തിച്ചിട്ടുണ്ട്. 'മാവേലി നാടു വാണീടും കാലം', 'അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി', സംസ്കൃതത്തിലേക്ക് മൊഴിമാറ്റി അവതരിപ്പിച്ചിട്ടുണ്ട്. പൂന്താനം ശുദ്ധമലയാളത്തിലെഴുതിയ "ജ്ഞാനപ്പാന' സംസ്കൃതത്തിലേക്ക് തർജ്ജമ ചെയ്തുവരികയായിരുന്നു. 'മധുരം ഗായതു', 'ഗീതകം മനോഹരം' എന്നീ രണ്ടു സംസ്കൃത കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

വിദ്യാലയങ്ങളിൽ പാടി അവതരിപ്പിക്കുവാനുള്ള ഒട്ടേറെ സംഘ ഗാനങ്ങളും മോഹൻദാസ് എഴുതിയിട്ടുണ്ട്. സംസ്കൃതഭാഷയുടെ പ്രചാരത്തിനും, ഉന്നമനത്തിനുമായി സ്വീകരിക്കേണ്ട കർമ്മ പദ്ധതികളടങ്ങുന്ന പ്രബന്ധത്തിന് ഡോക്ടറേറ്റു ലഭിച്ചു.

'എന്റെ ഹൃദയമന്ദിരത്തിൽ വാണരുളും ദേവൻ', 'ദിവ്യാവതാരം' തുടങ്ങി നിരവധി ക്രസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.

1994 മുതൽ എസ്.സി.ഇ.ആർ.റ്റി പാഠപുസ്തകസമിതിയിൽ അംഗമാണ്. വിദ്യാഭ്യാസ പ്രോജക്ടിനുളള എസ്.സി.ഇ.ആർ.റ്റി അവാർഡ് 2004-2005ലും സംസ്കൃത ഭാഷാ സാഹിത്യ പോഷണത്തിനുള്ള ആഗമാനന്ദ പുരസ്ക്കാരം 2013ലും ലഭിച്ചു.

മുത്തലപുരം കൂരാപ്പിളളിൽ കൃഷ്ണൻ നായരുടെയും, ജാനകിയമ്മയുടെയും 11 മക്കളിൽ ഇളയമകനാണ് മോഹൻദാസ്. ഭാര്യ തുളസി പിഷാരസ്യാർ (റിട്ട. ഉദ്യോഗസ്ഥ, എച്എൻ.എൽ. വെളളൂർ). മക്കൾ: ചന്തു മോഹൻ(സോഫ്റ്റ് വെയർ എൻജിനീയർ, കാക്കനാട്, ദേവു മോഹൻ (സിവിൽ എൻജിനീയർ, ആസ്ട്രേലിയ) മരുമക്കൾ: ശ്രീലക്ഷ്മി കൊടകര, മനു രവീന്ദ്രൻ, (എൻജിനീയർ, ആസ്ട്രേലിയ).

കാവ്യ കേളി - അക്ഷര ശ്ലോകം കുലപതി സരസമ്മ ടീച്ചർ (സരസമ്മ കേശവൻ നായർ, കൂനംതൈ ചങ്ങമ്പുഴ നഗർ), മേൽപ്പത്തൂരിന്റെ നാരായണീയം നെയ്ത്തിരി എന്ന പേരിൽ മലയാളത്തിലേക്കും, മഹാഭാരതം ഇംഗ്ലീഷിലേക്കും തർജ്ജമ ചെയ്തതുൾപ്പെടെ നിരവധി കവിതകളും സിനിമാഗാനങ്ങളും രചിച്ച ബാലേന്ദു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ചന്ദ്രശേഖർ എന്നിവർ സഹോദരങ്ങളാണ്.

മറ്റു സഹോദരങ്ങൾ: പരേതയായ രാജമ്മ നീലകണ്ഠൻ നായർ, വസുമതി ചെല്ലപ്പൻ നായർ, ശാരദ രവീന്ദ്രൻ നായർ, കമലമ്മ വേണുഗോപാലൻ നായർ, രവികുമാർ കെ.കെ. ശശികുമാർ കെ.കെ., ശ്യാമള അഭിമന്യൂ നായർ, ബീന ഗംഗാധരൻ നായർ.

Advertisment