Advertisment

10 വയസുകാരനായ മകന് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചതിന്‍റെ പേരില്‍ സ്ഥിരം താമസ വിസ നിഷേധിക്കപ്പെട്ട ഓസ്ട്രേലിയയിലെ മലയാളി കുടുംബത്തിന്‍റെ അപേക്ഷയിന്‍മേല്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ ആശ്വാസ നടപടി. മാര്‍ച്ച് 15 ന് നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന കുടുംബത്തിന് ഇനി ഓസ്ട്രേലിയയില്‍ പെര്‍മനന്‍റ് വിസ. ഫലംകണ്ടത് ഓസ്ട്രേലിയന്‍ മലയാളി സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയും പിന്തുണയും !

author-image
ന്യൂസ് ബ്യൂറോ, ഓസ്ട്രേലിയ
Updated On
New Update

publive-image

Advertisment

ആസ്ട്രേലിയ: മകന് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചതിന്‍റെ പേരില്‍ ഓസ്ട്രേലിയയില്‍ സ്ഥിരതാമസ വിസ നിഷേധിക്കപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ദേശം ലഭിച്ചതിന്‍റെ പേരില്‍ പ്രതിസന്ധിയിലായ മലയാളി കുടുംബത്തിന് ഒടുവില്‍ ശുഭവാര്‍ത്ത.

ഭിന്നശേഷിക്കാരനായ മകന്‍റെ ചികിത്സയ്ക്കുള്ള ഭാരിച്ച സാമ്പത്തിക ചിലവ് വഹിക്കാന്‍ കഴിയില്ലെന്നതിന്‍റെ പേരില്‍ ഇവിടെ സ്ഥിരതാമസ വിസ നിഷേധിക്കപ്പെട്ട കുടുംബത്തിന് വിസ അനുവദിക്കാന്‍ ഇമിഗ്രേഷന്‍ മന്ത്രി ആന്‍ഡ്രൂ ഗില്‍സ് ഉത്തരവിട്ടതോടെയാണ് കുടുംബം നേരിട്ട പ്രതിസന്ധി ഒഴിവായത്. ലോകമാകെയുള്ള മലയാളി സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയും പിന്തുണയും ഈ കുടുംബത്തിനൊപ്പമുണ്ടായിരുന്നു.

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ അനീഷ് കൊല്ലിക്കരയ്ക്കും ഭാര്യ കൃഷ്ണയ്ക്കുമാണ് 10 വയസുകാരനായ മകന്‍ ആര്യന്‍റെ രോഗാവസ്ഥയുടെ പേരില്‍ ഇമിഗ്രേഷന്‍ വിഭാഗം സ്ഥിരം താമസ വിസ നിഷേധിച്ചത്. ജനനം മുതല്‍ തന്നെ ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗമാണ് ആര്യനെ ബാധിച്ചത്. 8 വയസുകാരി ആര്യശ്രീ എന്നൊരു മകള്‍കൂടി ഇവര്‍ക്കുണ്ട്.

എന്നാല്‍ സ്ഥിരതാമസ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് 10 വര്‍ഷത്തിനുള്ളില്‍ ചികില്‍സയ്ക്കും പഠനത്തിനുമായി 664,000 ഡോളര്‍ ചിലവ് വരുമെന്നും ഇത് ഓസ്ട്രേലിയന്‍ സമൂഹത്തിനും നികുതിദായകര്‍ക്കും അധികബാധ്യതയാകുമെന്നും ഇമിഗ്രേഷന്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതോടെ അവര്‍ക്ക് സ്ഥിരം താമസ വിസ നിഷേധിക്കുകയും മാര്‍ച്ച് 15 -നകം രാജ്യം വിടാനും നിര്‍ദേശം ലഭിക്കുകയായിരുന്നു.

എന്നാല്‍ കുട്ടിയുടെ ചികില്‍സയ്ക്കായി ഇതുവരെ ഒരു ഡോളര്‍ പോലും തന്‍റെ കുടുംബം സര്‍ക്കാര്‍ സഹായം സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും അവന്‍റെ സാമ്പത്തിക ബാധ്യതകള്‍ തങ്ങള്‍ തന്നെ നിര്‍വ്വഹിക്കുമെന്നും അനീഷും കൃഷ്ണയും അധികൃതരെ അറിയിച്ചു. പക്ഷേ അത് അംഗീകരിക്കപ്പെട്ടില്ല. ഇതോടെ സര്‍ക്കാര്‍ ഇടപെടല്‍ കൂടാതെ തങ്ങള്‍ക്ക് രാജ്യത്ത് തുടരാനാകില്ലെന്ന് കുടുംബത്തിന് മനസിലായി. മാത്രമല്ല കുട്ടികളും പെര്‍ത്തിലെ വീട് വിട്ട് നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെയാണ് കുടുംബം ഇവിടെയുള്ള മലയാളി സുഹൃത്തുക്കളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായം തേടിയത്.

പീപ്പിള്‍ വിത്ത് ഡിസെബിലിറ്റി ഓസ്ട്രേലിയ ട്രഷറര്‍ സുരേഷ് രാജനാണ് കുടുംബത്തിനുവേണ്ടി ഇമിഗ്രേഷന്‍ മന്ത്രിക്ക് വീണ്ടും കത്ത് നല്‍കിയത്. ഒപ്പം നിരവധി മലയാളി കുടുംബങ്ങള്‍ പ്രാര്‍ത്ഥനയും പിന്തുണയുമായി രംഗത്തെത്തി. ഇമിഗ്രേഷന്‍ മന്ത്രി ആന്‍ഡ്രൂ ഗില്‍സും മലയാളി സമൂഹത്തിന്‍റെ വികാരം മനസിലാക്കി കുടുംബത്തിന് സ്ഥിരം താമസ വിസ അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ആര്യന്‍ അസുഖബാധിതനാണെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. പഠനത്തില്‍ അല്‍പം പിന്നോട്ടാകുന്നതു മാത്രമാണ് പ്രശ്നം. ഭാവിയിലേയ്ക്കും മകന്‍റെ ചികില്‍സ് ചിലവുകള്‍ തങ്ങള്‍ തന്നെ വഹിക്കാന്‍ തയ്യാറാണെന്നും രക്ഷിതാക്കള്‍ പറയുന്നു.

പെര്‍ത്തിലെ ഖനന കമ്പനിയില്‍ സൈബര്‍ സുരക്ഷാ വിദഗ്ദ്ധയാണ് കൃഷ്ണ. അനീഷ് ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ഉദ്യോഗസ്ഥനുമാണ്.

Advertisment