/sathyam/media/post_attachments/TmIhfcZHWQt099hr3aXh.jpg)
പാലക്കാട് : മുന്‍ ഡിസിസി അധ്യക്ഷനും പാലക്കാട്ടെ മുതിര്‍ന്ന നേതാവുമായിരുന്ന എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടത് ജില്ലയില്‍ കോണ്‍ഗ്രസിന് ക്ഷീണം ചെയ്യുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണം ചെയ്യുമെന്ന് പ്രവര്‍ത്തകര്‍.
പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയും നേതാക്കളെ വിരട്ടിയും ഇദ്ദേഹമൊക്കെ എന്നും അധികാര സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് തടസമായിരുന്നെന്നും ഇനിയത് മാറുമെന്നുമാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
എ.വി ഗോപിനാഥിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുനയിപ്പിച്ചത് കെ. സുധാകരനായിരുന്നു. ഡിസിസി അധ്യക്ഷ പദവിയായിരുന്നു അന്നു വാഗ്ദാനം ചെയ്തത്. പക്ഷേ പദവി പ്രഖ്യാപനം വന്നപ്പോള്‍ സുധാകരനും വാക്കു പാലിക്കാനായില്ല.
മുമ്പ് ഡിസിസി അധ്യക്ഷനായും 25 വര്‍ഷം പെരിങ്ങോട്ടുകുറുശി പഞ്ചായത്തിന്റെ പ്രസിഡന്റായുമൊക്കെ എ.വി ഗോപിനാഥ് പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം എല്ലാക്കാലവും അദ്ദേഹത്തിന് പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ കേവലമൊരു ഡിസിസി അധ്യക്ഷ സ്ഥാനം കിട്ടാതെ പാര്‍ട്ടി വിടാന്‍ അദ്ദേഹം തീരുമാനിച്ചതിലാണ് പ്രവര്‍ത്തകര്‍ക്കും പ്രതിഷേധം.
ഗോപിനാഥിനെ പിടിച്ചു നിര്‍ത്താന്‍ മറ്റു വാഗ്ദാനങ്ങളൊന്നും നല്‍കേണ്ടെന്നു തന്നെയാണ് ജില്ലയിലെ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തവണ പോലും ചില മണ്ഡലങ്ങളിലെ തിരിച്ചടിക്ക് പിന്നില്‍ ഗോപിനാഥിന്റെ കരങ്ങളുണ്ടായിരുന്നുവെന്നും പ്രവര്‍ത്തകര്‍ക്ക് പരാതി ഉണ്ട്. അതുകൊണ്ടുതന്നെ പദവി കിട്ടിയാല്‍ നേതൃത്വത്തെ പുകഴ്ത്തിയും കിട്ടിയില്ലെങ്കില്‍ ഇകഴ്ത്തിയും പ്രവര്‍ത്തിക്കുന്ന നേതാക്കളെ എന്തിന് ഇനിയും ചുമക്കണമെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം.
11 പഞ്ചായത്ത് മെമ്പര്‍മാരെ കാട്ടിയുള്ള ഭീഷണിക്ക് വഴങ്ങിയാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ 42 വര്‍ഷമായി കോണ്‍ഗ്രസ് മാത്രം ഭരിക്കുന്ന പെരിങ്ങോട്ടുകുറുശിയുടെ ചരിത്രം മാറുമെന്ന് ഭയന്ന് പാര്‍ട്ടിയെ ഒരു നേതാവിന് അടിയറ വെക്കണമോയെന്നാണ് സാധാരണക്കാരായ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.