Advertisment

ആലപ്പുഴയില്‍ സഹോദരങ്ങളുടെ മുങ്ങിമരണം: പൊന്നോമനകളെ അവസാനമായി ഒരു നോക്ക് കാണാന്‍ മേരി ഷൈന്‍ നാളെ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും; തുണയായത് സ്ഥാനപതി സിബി ജോര്‍ജിന്റെ സമയോചിതമായ ഇടപെടല്‍

author-image
admin
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി/മാരാരിക്കുളം: ഓമനപ്പുഴ ഓടാപ്പൊഴിയില്‍ മുങ്ങി മരിച്ച സഹോദരങ്ങളുടെ മാതാവ് മേരി ഷൈന്‍ നാളെ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും. മേരി ഷൈന്‍ എത്തിയതിന് ശേഷം കുട്ടികളുടെ സംസ്‌കാരം നടക്കും. വെള്ളിയാഴ്ച വൈകിട്ടാണ് പൊഴിയില്‍ വീണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ നാലുതൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവര്‍ മരിച്ചത്. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയാണ് മേരി ഷൈന്‍. ഹോം നഴ്സായി ജോലി ചെയ്യുന്ന ഇവർക്കെതിരെ സ്പോൺസർ ഒളിച്ചോട്ട പരാതി നൽകിയിരുന്നു. കേസ് കൊടുത്തത് ഇവരുടെ നാട്ടിലേക്കുള്ള യാത്ര മുടക്കി.

ഉടന്‍ തന്നെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നാളെ ( തിങ്കൾ )വൈകീട്ട് 6.30 നുള്ള ജസീറ എയർ വെയ്സ് വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് പുറപ്പെടും. എംബസി തന്നെയാണ് ഇവർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതും. നേരത്തെയും പല പ്രവാസികളുടെയും പ്രശ്‌നത്തില്‍ ഉടന്‍ തന്നെ പരിഹാരം കണ്ടെത്തിയ സിബി ജോര്‍ജ്, വീണ്ടും പ്രവാസലോകത്തിന്റെ കൈയ്യടി നേടുകയാണ്.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിടി തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് തുടങ്ങിയവര്‍ മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. മേരി ഷൈന്റെ യാത്രയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ കുവൈറ്റ് ഒഐസിസിക്ക് സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Advertisment