Advertisment

ചെറിയാൻ ഫിലിപ്പ് ഒരു ദേശാടനപ്പക്ഷി- പ്രതികരണം

author-image
സത്യം ഡെസ്ക്
New Update

 

Advertisment

publive-image

തിരുമേനി

കേരള രാഷ്ട്രീയത്തിൽ വിദൂരമല്ലാത്ത കാലത്ത് വിസ്മരിക്കപ്പെടാൻ പോകുന്ന ഒരു കഥാപാത്രമാണ് ചെറിയാൻ ഫിലിപ്പ്.രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആരംഭഘട്ടത്തിൽ എ.കെ.ആന്റണിയുടെ വിശ്വസ്തനായി നിന്ന് കെ.കരുണാകരനെതിരെ കുതന്ത്രങ്ങൾ മെനഞ്ഞു കൊണ്ടേയിരുന്നു. കാലമേറെ ചെന്നപ്പോൾ ചെറിയാൻ ഫിലിപ്പിന് തോന്നി എ.കെ.ആന്റണിയേക്കാൾ വിശ്വാസ്യത കെ.കരുണാകരനാണെന്ന്. പിന്നീടുള്ള യാത്ര കരുണാകരനൊപ്പം. കരുണാകരന്റെ കിച്ചൻ ക്യാബിനറ്റിലെ അംഗം. കരുണാകരൻ ചെറിയാനെ വിശ്വസിച്ചിരുന്നോ എന്നത് മറ്റൊരു വിഷയമാണ്.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കത്തതിനെ തുടർന്ന് ഇടത് മുന്നണിയിലേക്ക് ചേക്കേറി. അപ്പോഴേക്കും ഇടത് മുന്നണിയുടെ ചുക്കാൻ പിണറായി വിജയന്റെ കൈകളിലെത്തിയിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ചെറിയാൻ ഫിലിപ്പിന് നവകേരള മിഷന്റെ നേതൃസ്ഥാനം നൽകി പിണറായി. ഇടത് മുന്നണിയുടെ ശീതളിമയിൽ അഞ്ച് വർഷം അധികാരം പങ്കിട്ട ചെറിയാൻ ഫിലിപ്പ് ഇപ്പോൾ ഇടത് മുന്നണി വിടുന്നു. കാരണം ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നൽകിയില്ല എന്നതാണ്.

മലയാളത്തിലെ അച്ചടി, ദൃശ്യ മാധ്യമങ്ങളെയെല്ലാം പിണറായിയുടെ കുടക്കീഴിൽ അണിനിരത്തി പിണറായിക്ക് രക്ഷകൻ എന്ന പരിവേഷം ഉണ്ടാക്കിക്കൊടുത്ത് തുടർ ഭരണം നേടിക്കൊടുത്ത ജോൺ ബ്രിട്ടാസ് എന്ന ബുദ്ധി രാക്ഷസന് രാജ്യസഭാ സീറ്റ് നൽകുമോ അതോ വിശ്വാസ്യത എന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്ത ചെറിയാൻ ഫിലിപ്പിന് നൽകുമോ?

ചെറിയാൻ ഫിലിപ്പിന്റെ അസംതൃപ്തി മനസ്സിലാക്കിയ പിണറായി വിജയൻ ചെറിയാന് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകി. ചെറിയാൻ ഫിലിപ്പ് ഇത് സ്വീകരിച്ചില്ല. തുടർന്ന് അദ്ദേഹം കോൺഗ്രസിലേക്ക് തിരികെ പോവുന്നു എന്നതാണ് വാർത്ത. ആയുസ്സ് മുഴുവൻ പാർട്ടിക്കുവേണ്ടി കൊടി പിടിച്ച സഖാക്കൾ വെളിയിൽ നിൽക്കുമ്പോഴാണ് പിണറായി ചെറിയാന് ഇതൊക്കെ നൽകിയത്. എന്നാൽ അദ്ദേഹം സംതൃപ്തനല്ല. വിശ്വാസ്യത തീ രെ ഇല്ലാത്ത ചെറിയാൻ ഫിലിപ്പ് ചെന്നാൽ അത് കോൺഗ്രസിന് കരുത്ത് പകരുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഒരു വ്യക്തി പോലും അണിയായി ഇല്ലാത്ത നേതാവാണ് ചെറിയാൻ ഫിലിപ്പ്.

കോൺഗ്രസിൽ വർഷങ്ങളായി കൊടി പിടിക്കുന്നവർക്ക് അധികാരം വന്നാൽ ലഭിക്കേണ്ട സ്ഥാനമാനങ്ങൾ ആണ് ചെറിയാൻ ഫിലിപ്പിനെ പോലെയുള്ളവർ ഉന്നം വെയ്ക്കുന്നത്. ഇത്തരം എടുക്കാ ചരക്കുകളെ വലിച്ച് കയറ്റിയാൽ കോൺഗ്രസിന്റെ വിശ്വാസ്യതയാണ് പോകുന്നത്.

കോൺഗ്രസ് ജോസ്.കെ.മാണിയെ കണ്ട് പഠിക്കട്ടെ. മാണി സാറിനെ ഒറ്റുകൊടുത്ത് മറുകണ്ടം ചാടിയ ആരേയും അദ്ദേഹം തിരികെ പാർട്ടിയിൽ എടുത്തില്ല. ചെറിയാൻ ഫിലിപ്പിനെപ്പോലെയുള്ള ദേശാടന പക്ഷികൾ കോൺഗ്രസിന് ഒരു ഗുണവും ചെയ്യില്ല.

പിണറായി നല്ല സ്ഥാനം നൽകി തിരികെ വിളിച്ചാൽ വളിച്ച എന്തെങ്കിലും ന്യായം പറഞ്ഞ് ചെറിയാൻ തിരികെപ്പോകും

Advertisment