കണ്ണൂര്‍ : തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി ഭരണം പിടിച്ചെടുത്തത് യുഡിഎഫ്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ തൂത്തെറിഞ്ഞാണ് യുഡിഎഫ് വിജയിച്ചത്. 29 വര്‍ഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരന്‍ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ കെ സുധാകരന് സ്വന്തം തട്ടകത്തില്‍ ഇതൊരു വലിയ രാഷ്ട്രീയ വിജയമാണ്.
ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ ഭരണം കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോള്‍ മമ്പറം ദിവാകരനുമായി ഒത്തുതീര്‍പ്പിന് പലവട്ടമാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. 12 സീറ്റില്‍ മൂന്നെണ്ണമെങ്കിലും പാര്‍ട്ടി നേതൃത്വം പറയുന്നവര്‍ക്ക് നല്‍കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും ഒന്നും തരാനാവില്ലെന്ന നിലപാടിലായിരുന്നു മമ്പറം. ഒടുവില്‍ മമ്പറത്തെ പാര്‍ട്ടിക്ക് പുറത്താക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ അത്ഭുതം പ്രതീക്ഷിച്ചില്ല പലരും.
അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സഹകരണസംഘത്തില്‍ ഡയറക്ടര്‍മാരായി 12 പേരെവീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിങ്.
1740 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യാനെത്തിയത്. ഇതില്‍ 80 ശതമാനവും യുഡിഎഫ് പാനല്‍ നേടി. 12 പേരില്‍ മമ്പറമടക്കം എല്ലാവരും തോറ്റു. ആവേശകരമായ തെരഞ്ഞെടുപ്പിനാണ് തലശേരി സാക്ഷ്യം വഹിച്ചത്.
വോട്ടെണ്ണുംമുമ്പേ മമ്പറം പരാജയം പ്രതീക്ഷിച്ചിരുന്നു. 29 വര്‍ഷമായി സഹകരണാശുപത്രിയുടെ ഭരണത്തിന്റെ നായകനായിരുന്ന മമ്പറത്തിന് മേല്‍ സുധാകരന്റെ രാഷ്ട്രീയ വിജയം തന്നെയാണ് ഇതെന്നു വ്യക്തം. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാല കൂടിയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്.
വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. സുധാകരനെ മമ്പറവും വെല്ലുവിളിച്ചതോടെ മത്സരം കനത്തു. സുധാകരന്‍ നേരിട്ടു തന്നെ തെരഞ്ഞെടുപ്പ് സംവീധാനത്തെ നിയന്ത്രിച്ചു. ഫലമോ മമ്പറത്തിന് ദയനീയമായ പരാജയം നേരിടേണ്ടി വന്നു.
സംഘടനാ സംവീധാനത്തെ വേണ്ടവിധത്തില്‍ എങ്ങനെ ചലിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ഉദാഹരണം കൂടിയാണ് തലശേരിയിലെ വിജയം. മമ്പറത്തെ പോലുള്ളവര്‍ കോണ്‍ഗ്രസിലെ ചില പ്രതീകങ്ങളാണ്. പണവും സ്വാധീനവും കൊണ്ട് പാര്‍ട്ടിയെ വിലയ്ക്ക് വാങ്ങാമെന്ന വാങ്ങാമെന്ന ധാരണക്കാരുടെ പ്രതിനിധി.
ഇത്തരത്തിലുള്ള ദിവാകരമാരുടെ പടിയിറക്കം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനും തിരിച്ചുവരവിനും അത്യാവശ്യമായിരുന്നു. ഇനിയും കൂടുതല്‍ പേരുടെ പടിയിറക്കം ഉടനുണ്ടാകും. ഇതു കോണ്‍ഗ്രസിന് ശുഭപ്രതീക്ഷതന്നെ.