സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി; 94% ശതമാനം കൊവിഡ് കേസുകളും ഒമിക്രോണ്‍! രോഗികളുടെ എണ്ണം ഇനിയും കൂടും

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 94 ശതമാനവും ഒമിക്രോണാണ്. ആറ് ശതമാനം ഡെല്‍റ്റ വകഭേദമാണ്. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞു. വെന്റിലേറ്റർ ഉപയോഗത്തിലും കുറവെന്ന് മന്ത്രി വ്യക്തമാക്കി.

ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിം​ഗ് സെല്‍ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളിൽ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഒമിക്രോണിന്‍റെ തീവ്രത ഡെൽറ്റേയാക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോ​ഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളിൽ ലക്ഷണങ്ങളിൽ കുറവില്ലെങ്കിൽ ആശുപത്രിചികിത്സ തേടണം. പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്.

വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടും. രോഗികൾ കൂടുന്നതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും കൂട്ടും. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment