/sathyam/media/post_attachments/lTbmvfS7HZeb9FVPaExu.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. മൂന്നു പേരടങ്ങുന്ന അന്തിമ പട്ടിക കെപിസിസി ഹൈക്കമാന്‍ഡിന് നല്‍കി. എം ലിജു, ജെബി മേത്തര്‍, ഷാനി മോള്‍ ഉസ്മാന്‍ എന്നിവരടങ്ങുന്ന പേരുകളാണ് കെപിസിസി കൈമാറിയത്.
ഇന്നു തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനമാണ് കേന്ദ്ര നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. നേരത്തെ തന്നെ കെപിസിസി പ്രസിഡന്റ് എം ലിജുവുമായി രാഹുലിനെയും സോണിയയെയും കണ്ടിരുന്നു. ലിജുവിന് സീറ്റു നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ രമേശ് ചെന്നിത്തലയും കെ മുരളീധരനും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയൊക്കെ മറി കടന്നാണ് ലിജു പട്ടികയില്‍ ഇടം പിടിച്ചത്. ഇതോടെ മുസ്ലീം പ്രാതിനിധ്യം ലോക്‌സഭയില്‍ കുറവാണെന്ന് പറഞ്ഞു ഒരു വിഭാഗം രംഗത്തെത്തി.
ഇതോടെ ജെബി മേത്തറിന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു. ഇതോടെ ക്ഷമ മുഹമ്മദിന്റെ പേര് നിര്‍ദേശിച്ച് ഹൈക്കമാന്‍ഡും രംഗത്തുവന്നു. എന്നാല്‍ കേരള നേതൃത്വം ഇതംഗീകരിച്ചില്ല. പകരം ഷാനിമോളുടെ പേര് കേരള നേതൃത്വം പട്ടികയില്‍ ചേര്‍ത്തു നല്‍കുകയായിരുന്നു. ഇന്നു തന്നെ ഈ പട്ടികയില്‍ നിന്നും ഒരാളെ പ്രഖ്യാപിക്കാനാണ് സാധ്യത.