Advertisment

പ്രിൻസി തേൻ കൃഷിയിലെ റാണി ; മൂളിപ്പാട്ടും പാടി വട്ടമിട്ടു പറക്കുന്ന തേനീച്ചകള്‍ പ്രിൻസിക്ക് നേടി കൊടുക്കുന്നത് വരുമാനവും സംതൃപ്തിയും..

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

തേനീച്ചകളെ ഭയക്കേണ്ടതില്ല, അൽപം മാത്രം അദ്ധ്വാനവും ക്ഷമയുമുണ്ടെങ്കിൽ ആർക്കും തേനീച്ച വളർത്തൽ മികച്ച വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞുതരുകയാണ് കരിമ്പ അയ്യപ്പൻകോട്ട ജെ വി എം ഭവൻ പ്രിൻസി.

പാലക്കാട് ജില്ലയിലെ മികച്ച തേനീച്ച കര്ഷകക്കുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രിൻസി,കഴിഞ്ഞ ദിവസമാണ് കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്നും അവാർഡ് സ്വീകരിച്ചത്.

ചെറിയ രീതിയിൽ ഭർത്താവിന്റെയും അച്ഛന്റെയും പിന്തുണയോടെ

ആരംഭിച്ച തേനീച്ച കൃഷി ഇന്ന് 1700 തേനീച്ച കോളനികളും 60 ചെറു തേനീച്ച പെട്ടികളുടെയും ഉടമയാക്കി പ്രിൻസിയെ മാറ്റിയിരിക്കുന്നു.സ്വന്തം സ്ഥലത്തിനു പുറമെ കരിമ്പ, തച്ചമ്പാറ,കാരാകുർശ്ശി പഞ്ചായത്തുകളിലെ വിവിധ കർഷകരുടെ കൃഷിയിടങ്ങളും തേൻ കൃഷിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

15 വർഷത്തോളമായി മികച്ച രീതിയിൽ തേനീച്ച കൃഷി തുടങ്ങിയിട്ട്.പിതാവിൽനിന്നു പഠിച്ച കൃഷിപാഠങ്ങളും വിവാഹശേഷം ഭർത്താവിന്റെ പിന്തുണയും കൂടിച്ചേർന്നപ്പോൾ പ്രിൻസിയെ മികച്ച ഒരു തേനീച്ചക്കർഷകയാക്കി മാറ്റി.ഇപ്പോൾ ജില്ലയിലെ മികച്ച തേനീച്ച കർഷക എന്ന പുരസ്‌ക്കാരത്തിനും അർഹയാക്കി.ഏറ്റവും ഗുണമേന്മയുള്ള തേനും മൂല്യ വർധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കി ബ്രിന്ദാവൻ എന്ന പേരിൽ പ്രത്യേക ബ്രാൻഡിന്റെ ഉടമയാണ് പ്രിൻസി.ഗുണമേന്മ ഉറപ്പ് വരുത്തി കച്ചവടത്തിനുള്ള ലൈസൻസ് എടുത്ത്,കരിമ്പ ഇക്കോ ഷോപ്പിലും കുടുംബശ്രീ സ്റ്റാളുകളിലും ഓൺലൈനായും വിപണനം നടത്തി കൃഷിയിലൂടെ ആദായവും സംതൃപ്തിയും കണ്ടെത്തുകയാണ് ഈ യുവ കർഷക.

publive-image

ചെറു തേനീച്ച വളര്‍ത്തല്‍ എളുപ്പവും സുരക്ഷിതവുമാണ്. പ്രധാനമായും ചെറു തേനീച്ചകള്‍ കുത്തുകയില്ല എന്നതു തന്നെയാണ് പ്രത്യേകത. ചെറുതേൻ വളർത്താൻ പ്രത്യേക പരിചരണത്തിന്റെ ആവശ്യവുമില്ല. ആദ്യകാലഘട്ടങ്ങളിൽ യാതൊരു മുൻകരുതലുകളും ഉപയോഗിക്കാതെയാണ് കർഷകർ തേനീച്ചകളെ കൈകാര്യം ചെയ്തിരുന്നത്.ഇന്ന് എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ലഭ്യമായ സ്ഥിതിക്ക് ആർക്കു വേണമെങ്കിലും തേനീച്ച വളർത്തലിലേക്ക് എളുപ്പത്തിൽ കടന്നു വരാമെന്നും പ്രിൻസി പറയുന്നു.കൃഷി വകുപ്പിന് കീഴിലെ ജൈവഗൃഹം പദ്ധതിയുടെ ഗുണഭോക്താവായ പ്രിൻസി തേനീച്ച കൃഷിക്ക് പുറമെ കോഴി വളർത്തലും വിവിധ ഇനം പച്ചക്കറികളുടെ കൃഷിയും ചെയ്തു വരുന്നു.

ഔഷധമൂല്യമുള്ള ഒരു ഭക്ഷണമാണ് തേൻ.ഊർജ്ജദായകവും പോഷക സമ്പന്നവുമാണ്. എല്ലാവീട്ടിലും ചെറുതേനും വൻതേനുമൊക്കെ വളർത്തേണ്ടത് ആവശ്യമാണ്.

വിളകളുടെ ഉത്പാദനക്ഷമതക്ക് തേനീച്ച കൃഷി സഹായകമാണ്. ജ്യോതിസ് കുടുംബശ്രീ,ആത്മ സമൃദ്ധി,വാർഡ് തല പഴം-പച്ചക്കറി ക്ലസ്റ്റർ,പിഎസ്എസ്പി ബ്ലോക്ക് തല മഹിളാ സമാജം, തുടങ്ങി ഒട്ടേറെ കാർഷിക അനുബന്ധ വികസന സമിതികളിൽ സജീവമായ പ്രിൻസി കരിമ്പ ഇക്കോ ഷോപ്പിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. കാർഷിക മേഖലയിലുള്ളവർക്ക്,

പ്രത്യേകിച്ചും വനിതകൾക്ക് പ്രിൻസി മാതൃകയാണെന്നും അർഹതക്കുള്ള അംഗീകാരമാണ് കിട്ടിയിരിക്കുന്നതെന്നും കരിമ്പ കൃഷിഓഫീസർ പി.സാജിദലി, കൃഷി അസിസ്റ്റന്റ് മഹേഷ്‌ എന്നിവർ പറഞ്ഞു.

Advertisment