കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തി. നാമനിര്‍ദേശപത്രികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരസ്യപ്പെടുത്തിയതോടെയാണ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നത്.
1 കോടി 30 ലക്ഷത്തിന്റെ ബാധ്യതയാണ് ജോ ജോസഫിനുള്ളത്. 15 ലക്ഷം രൂപ വിലയുള്ള കാർ ജോ ജോസഫിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ എട്ടു ലക്ഷം രൂപ വിലയുള്ള കാറുണ്ട്. വാഴക്കാലയിലുള്ള വീട് ജോയുടെയും ഭാര്യ ഡോ.ദയയുടെയും പേരിലാണ്. പൂഞ്ഞാറില്‍ കുടുംബസ്വത്തായി ലഭിച്ച 1.84 ഏക്കര്‍ ഭൂമിയുമുണ്ട്.
യു.ഡി.എഫ്. സ്ഥാനാർഥി ഉമാ തോമസിന് 70,34,626 രൂപയുടെ ആസ്തിയുണ്ട്. വാഴക്കാല വില്ലേജിൽ ഏഴ് സെന്റ് സ്ഥലവും 19 ലക്ഷം രൂപയുടെ സ്വർണവും ഉൾപ്പെടെയാണിത്. അന്തരിച്ച ഭര്‍ത്താവ് പി.ടി.തോമസിന് 97 ലക്ഷത്തിന്റെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മകന്റെ പേരിൽ 9,59,809 രൂപയുടെ സ്വത്തുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്റെ ആകെ ആസ്തി 95 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരിൽ 30 പവൻ സ്വർണവുമുണ്ട്. രാധാകൃഷ്ണന് ഏഴ് ലക്ഷം രൂപ വിലയുള്ള കാറും പേരണ്ടൂർ വില്ലേജിൽ 3.24 ആർ സ്ഥലവുമുണ്ട്. 15.5 സെന്റ് സ്ഥലം ഭാര്യയുടെ പേരിലുണ്ട്. 20 ലക്ഷം രൂപയാണ് രാധാകൃഷ്ണന്റെ ബാധ്യത. പൊതുമുതല്‍ നശിപ്പിച്ചതിനും സമരങ്ങളില്‍ പങ്കെടുത്തതിന് ഉള്‍പ്പെടെ 178 ക്രിമിനല്‍ കേസുകൾ എ.എൻ. രാധാകൃഷ്ണനുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് തുടക്കം കുറിച്ച എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേസുകളില്ല.