കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി.സി.ജോർജ് നാളെ പൊലീസ് ചോദ്യം ചെയ്യലിനു ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജോർജ് ഫോർട്ട് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു.
ആരോഗ്യപ്രശ്‌നങ്ങളും മറ്റും പറഞ്ഞ് മറ്റൊരു ദിവസം ഹാജരാകാം എന്ന് ജോര്‍ജ് അറിയിച്ചത് ദുരുദ്ദേശപരമാണെന്നും, ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നുമാണ് പൊലീസ് നിലപാട്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജി എസ് ജോര്‍ജിന് അയച്ച നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം നാളെ പിസി ജോർജ്ജ് തൃക്കാക്കരയിൽ പ്രചരണത്തിന് എത്തും എന്നു തന്നെയാണ് ഇപ്പോഴും ലഭിക്കുന്ന വിവരം. ഞായറാഴ്ച തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന പി.സി.ജോർജ് രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുക്കും. നോട്ടീസ് അവഗണിച്ച് ജോർജ് തൃക്കാക്കരയിലേക്ക് പോയാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങിയേക്കും.