കൊച്ചി: തൃക്കാക്കരയിൽ പോളിങ് സമയം പൂർത്തിയായപ്പോൾ 68.73% പേർ വോട്ട് ചെയ്തു. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. 2021നെക്കാള്‍ 1.65 ശതമാനം പോളിങ് കുറഞ്ഞു. 2021ല്‍ 70.39 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇനി വെള്ളിയാഴ്ച വരെ ഫലം അറിയാനുള്ള കാത്തിരിപ്പാണ്.
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. കൊച്ചി കോർപറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതൽ മികച്ച പോളിങ് നടന്നു. ഇവിടെ ഉച്ചയ്ക്ക് ശേഷം പോളിങ് പെട്ടെന്ന് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതിൽ ബാധിച്ചു.
ഇതിനിടെ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിലായി. പിറവം പാമ്പാക്കുട സ്വദേശി ആല്‍വിനാണ് പിടിയിലായത്. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്റെ പേരിലുള്ള വോട്ട് രേഖപ്പെടുത്താനായിരുന്നു ആല്‍വിന്റെ ശ്രമം. . ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതു തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനിടെ മോട്ടിച്ചോട് ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടർന്നു പകരം ആളെ നിയമിച്ചു.