/sathyam/media/post_attachments/dqNbWDsw9dHnJohFemcM.jpg)
തിരുവനന്തപുരം: ഒരു സത്യവും മൂടിവെക്കാന്‍ കഴിയില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം-ബി.ജെ.പി. നേതാക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിലാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അവസാനിപ്പിച്ചത്. അതിന് ഇടനിലക്കാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ആ ആരോപണങ്ങളെല്ലാം ഇപ്പോള്‍ ശരിയായിരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉന്നയിച്ച ഓരോ കാര്യവും സത്യമെന്നു തെളിയുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിരിയാണി പാത്രം കൊണ്ടു മറച്ചുവച്ചാലും സത്യം പുറത്തുവരും. വസ്തുതകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. സ്വർണക്കള്ളക്കടത്തു കേസിൽ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്– രമേശ് ചെന്നിത്തല പറഞ്ഞു.