/sathyam/media/post_attachments/emGAhTPFlxKELeNkoQDo.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, മുന്‍മന്ത്രി കെ.ടി. ജലീല്‍, എം ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കെതിരെ വലിയ വെളിപ്പെടുത്തലുകളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളെ പരിഹസിച്ച് കെടി ജലീല്‍ രംഗത്തെത്തി.
''സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..'', എന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. ഇതേക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി.
2016 ൽ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് നളിനി നെറ്റോ വിശദീകരിക്കുന്നത്. ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് നടത്തിയത്. മറ്റൊന്നിനെ കുറിച്ചും തനിക്കറിയില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ കൂട്ടിച്ചേർത്തു.
അങ്ങനെ പലരും പലതും പറയും. വഴിയിൽകൂടി പോകുന്നവർ പറയുന്നതിനൊന്നും മറുപടി പറയാൻ പറ്റില്ലെന്ന് എ.വിജയരാഘവനും, എന്നാൽ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും സ്വപ്ന എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പറഞ്ഞു.
സ്വപ്ന നടത്തിയ ആരോപണങ്ങളും രഹസ്യ മൊഴിയും കാര്യമാക്കുന്നില്ലെന്നാണ് എം ശിവശങ്കറിന്റെ പ്രതികരണം. ഇത്തരം ഒരുപാട് മൊഴികൾ നേരത്തെ വന്നതല്ലേ എന്നും ശിവശങ്കർ കൂട്ടിച്ചേർത്തു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണാറായി വിജയന്‍ പ്രതികരിച്ചില്ല. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാനെത്തിയെങ്കിലും മുഖ്യമന്ത്രി മുഖം നല്‍കാതെ മടങ്ങി.