തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം. പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താൽപര്യത്തോടെ ചില മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച് തുടർ നുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.
കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിക്കാനുള്ള ഈ ശ്രമം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.