കോഴിക്കോട്: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാര നടപടിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി. സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നത്.
അത് ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. ഏതായാലും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും സുരേന്ദ്രൻ ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.