കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന ആക്ഷേപത്തെ കുറിച്ച് വാര്‍ത്താസമ്മേളനം നടത്താനെത്തിയ പ്രതിപക്ഷ നേതാവിനോട് വിഷയം മാറ്റാന്‍ മറ്റൊരു ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകനെ കണക്കറ്റ് പരിഹസിച്ച് വിഡി സതീശന്‍. ''ഞാന്‍ വന്ന് ഇരിക്കുന്നുണ്ടല്ലോ ? മുഖ്യമന്ത്രിയെ കണ്ടിട്ട് എത്രനാളായി ? ഒരു ചോദ്യം ചോദിക്കാന്‍ കൊതിയാകുന്നില്ലേ'' എന്ന വിഡി സതീശന്റ ചോദ്യത്തിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകന്‍ നിസഹായനായി.
ഇന്ന് മുഖ്യമന്ത്രിയുടെ സഞ്ചാരവും നാട്ടിലുണ്ടായ ബുദ്ധിമുട്ടും അവതരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്. പതിവു ശൈലിയില്‍ വിഡി സതീശന്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രി പുറത്തിറങ്ങുന്നത് കാരണം പൊതുജനം വീട്ടിലിരിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
കറുപ്പ് കളര്‍ മാസ്‌ക് വയ്ക്കാന്‍ പോലും അനുവദിക്കാത്ത പോലീസ് നടപടിക്കെതിരെയും അദ്ദേഹം വലിയ വിമര്‍ശനം ഉന്നയിച്ചു. ഇതിനിടെയാണ് വിഷയം മാറ്റാനുള്ള നീക്കം ചില മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയത്.
രാജസ്ഥാനിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ വിഷയം തിരിച്ചുവിടാനുള്ള നീക്കമാണെന്ന് അടുത്ത സെക്കന്റില്‍ തിരിച്ചറിഞ്ഞ പ്രതിപക്ഷ നേതാവ് ഉടന്‍ തന്നെ അതിനു കുറിക്കുക്കൊള്ളുന്ന മറുപടിയും നല്‍കി.
രാജസ്ഥാനിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനല്ല താന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ പറയാനാണ് താന്‍ മാധ്യമങ്ങളെ കണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി. പിന്നീടാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രിയെവിടെയെന്ന ചോദ്യം സതീശന്‍ ഉയര്‍ത്തിയത്.
തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി മുതല്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി ഒരു പ്രതികരണവും നടത്തിയിട്ടില്ല. പിന്നീട് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ വാര്‍ത്താ കുറിപ്പ് ഇറക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.