തിരുവനന്തപുരം: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതേണ്ടെന്നും വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രിയെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട. അടിക്കാൻ സമ്മതിക്കുന്ന ആളല്ല മുഖ്യമന്ത്രി, എൽഡിഎഫ് അങ്ങനെ സമ്മതിക്കുന്ന ഒരു മുന്നണിയുമല്ല എന്ന് സമരക്കാർ ഓർക്കണം. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് എൽഡിഎഫിന് അംഗീകരിക്കാനാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഭരണം നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായി സങ്കടവും പ്രയാസവും ഉണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് ഉറക്കം നഷ്ടപ്പെടുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നത് അവരോട് തന്നെ സംവദിച്ചുകൊണ്ട് തങ്ങള്‍ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു.
കരിങ്കൊടി കാണിക്കുന്നതും കറുത്ത മാസ്ക് ധരിക്കുന്നതും കലാപ ആഹ്വാനമായി കാണുന്നില്ല. പക്ഷേ ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കി കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാം എന്നു വിചാരിച്ചാൽ കയ്യും കെട്ടി പോകാനാകില്ല. ജനങ്ങളെ അണിനിരത്തി, ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തി മുന്നോട്ടു പോകുമെന്നും റിയാസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് ഡല്‍ഹിയില്‍ പോയി ഇ.ഡി.ഗോബാക്ക് വിളിക്കണം, ഇവിടെ വന്ന് ഇ.ഡി.സിന്ദാബാദ് എന്ന മുദ്രാവാക്യം അവസാനിപ്പിക്കണം. യുഡിഎഫിന്റെ കോട്ടയായ തൃക്കാക്കരയില്‍ ജയിച്ചപ്പോള്‍ ഇതെന്തോ ലോകകപ്പ് കിട്ടിയത് എന്ന പോലെ ഒലിച്ചുപോകുന്ന അണികളെ പിടിച്ച് നിര്‍ത്താന്‍ നടത്തുന്ന ഗിമ്മിക്കുകളാണെന്നും റിയാസ് അഭിപ്രായപ്പെട്ടു.