തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് എതിരെ വിമാനത്തിന് അകത്ത് പ്രതിഷേധം ഉണ്ടായതിനെതിരെ തിരുവനന്തപുരത്തടക്കം പലയിടത്തും ഇടതുമുന്നണി പ്രവർത്തകരുടെ പ്രതിഷേധം. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ് റോഡിലിട്ടു.
തിരുവനന്തപുരം കെ.പി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എം.ജി റോഡിന് ഇരുവശവുമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സിപിഎം പ്രവർത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എകെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ലീഗ് - ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വ്വ സീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്. കെ. സുധാകരന്‍ ആര്‍എസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍ വച്ച് മുന്‍പ് പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചത്. സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗൂണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.