ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് വി ഡി സതീശൻ; ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് സുധാകരന്‍; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ജയരാജനെ വെല്ലുവിളിക്കുന്നുവെന്ന് ഷാഫി പറമ്പില്‍; ജയരാജനെ രക്തപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വാ പോയ കോടാലിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി കണ്ണാടിക്കൂട്ടില്‍ നിന്നാലും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ആക്രമത്തിന്‍റെ പാതയിലേക്ക് യുഡിഎഫ് പോയിട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രതികരണം. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ ഇ പി ജയരാജൻ ആരാണെന്ന് ചോദിച്ച കെ സുധാകരൻ, ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും വെല്ലുവിളിച്ചു. ജയരാജൻ ശിക്ഷിച്ചാൽ ജയരാജനെ ശിക്ഷിക്കും. ജയരാജനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജ‌നെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ വെല്ലുവിളിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ രംഗത്തെത്തി.

വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ അവരെ എൽഡിഎഫ് കണ‍വീനർ തല്ലുമോ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചോദിച്ചു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കൽ സഖാവല്ല, എല്‍ഡിഎഫിന്റെ കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജനാണ്.

കണ്ണൂരിലെ പഴയ ഗുണ്ടയിൽ നിന്നും ജയരാജൻ ഒട്ടും വളർന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികൾക്ക് പകർന്ന് നല്കാനാണ് ഈ അക്രമം. ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തിൽ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കക്കണമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment