തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ഡിജിപിക്ക് പരാതി നല്‍കി.
വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്.
ഇ.പി. ജയരാജന്‍ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാത്രമല്ല ഫര്‍സീനും മജീദിനുമെതിരെ കളവായ വിവരങ്ങള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.