തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസും യൂത്ത്‌കോണ്‍ഗ്രസും കെഎസ് യുവും അടക്കമുള്ള സംഘടനകള്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. ചെറിയ കക്ഷിയെങ്കിലും ആര്‍എസ്പിയും നേതാക്കള്‍തന്നെ രംഗത്തിറങ്ങി സമരം നടത്തി. ഒരു പരിധിവരെ യൂത്ത് ലീഗും സമരം നടത്തിയിരുന്നു.
എന്നാല്‍ ഈ സമരത്തിലൊന്നും കാര്യമായ ഒരു പങ്കാളിത്തവുമില്ലാത്ത പാര്‍ട്ടികളായിരുന്നു കേരളാ കോണ്‍ഗ്രസ് ജോസഫും മുസ്ലീംലീഗും. യൂത്ത് ലീഗ് സമര രംഗത്ത് വന്നെങ്കിലും ലീഗ് അത്ര സജീവമായിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുഡിഎഫില്‍ ഉണ്ടായത്.
പിജെ ജോസഫിനെതിരെയും പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കള്‍ മുതല്‍ താഴോട്ടുള്ളവര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പൂര്‍ണമായും പ്രതിഷേധ രംഗത്തുനിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസിന് ശക്തിയുണ്ടെന്ന് പറയപ്പെടുന്ന ഇടുക്കി ജില്ലയില്‍ പോലും ഒന്നു പ്രതിഷേധിക്കാന്‍ അവര്‍ ഇറങ്ങിയില്ല. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ജോസഫ് വിഭാഗത്തിനെ എന്തിന് ഇനിയും അനാവശ്യ പ്രാധാന്യം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
അനര്‍ഹമായ പരിഗണന സീറ്റ് വിഭജനത്തിലടക്കം ജോസഫ് വിഭാഗത്തിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയതിന്റെ ദോഷമാണ് തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും അവര്‍ പറയുന്നു. മുന്നണിയോട് യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത ജോസഫ് വിഭാഗത്തിന് അവര്‍ അര്‍ഹിക്കുന്ന പരിഗണന മാത്രമെ നല്‍കാവൂ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
മുസ്ലീംലീഗിന്റെ ഭാഗത്തുനിന്നും ഇത്തവണ വിട്ടു നില്‍ക്കല്‍ ഉണ്ടായതിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയാണെന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടി, മുന്നണി താല്‍പര്യങ്ങള്‍ക്ക് അപ്പുറം ചില നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങള്‍ യുഡിഎഫിന് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു.
അനൂപ് ജേക്കബിന്റെ കേരളാ കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുണ്ട്. പക്ഷേ ആളില്ലാ പാര്‍ട്ടിയായ അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്ന നേതാക്കള്‍ തന്നെ പറയുന്നുണ്ട്.