ആലപ്പുഴ: ബിജെപി നേതാവ് ശങ്കു ടി ദാസിന് പരിക്കേറ്റ വാഹനാപകടത്തിൽ ദുരൂഹതയില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നതിലൂടെ സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ് വചസ്പതി.
ഫേസ്ബുക്ക് പോസ്റ്റ്:
ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. വാസ്തവം അറിയാതെ എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം.
ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക. ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്.
നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്ക്രീനിൽ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക.