തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം.
പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്.
ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോൺ വിഷയത്തിൽ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടത്.
ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും സതീശന്‍ വ്യക്തമാക്കി.
അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെ തള്ളിക്കളയുന്നുവെന്നും സിപിഎം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐയാണ് മാര്‍ച്ച് നടത്തിയതെന്നും അവര്‍ക്ക് ജനാധിപത്യപരമായി മാര്‍ച്ച് നടത്താനും സമരം നടത്താനുമുള്ള അവകാശമുണ്ടെന്നും സിപിഎം ജില്ലാ വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പറഞ്ഞു.
പക്ഷ, ഒരു സമരവും ആക്രമണം ആകരുത് എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അക്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു തരത്തിലും സിപിഎം ന്യായീകരിക്കില്ല. അതിനെ അപലപിക്കുന്നു, തള്ളിക്കളയുന്നു.ആക്രമണത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളെക്‌സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊച്ചിയിൽ ടയർ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അതേസമയം എകെജി സെന്ററിലേക്ക് മാർച്ച് നടത്തുമെന്നതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.