പാലക്കാട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ എസ് എഫ് ഐക്കെതിരെ വി ടി ബൽറാം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിലിൽ കിടക്കുന്നത് ചൂണ്ടികാട്ടിയ ബൽറാം അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി!
ഇപ്പോ ജയിലിലാണ്.
വധശ്രമമാണ് കേസ്. പിണറായി വിജയന് നേരിടേണ്ടി വന്ന പോലത്തെ "വധശ്രമ"മല്ല,
സഹപാഠിയായ ഒരു വിദ്യാർത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ നോക്കിയതിന്റെ പേരിൽ എടുത്ത യഥാർത്ഥ വധശ്രമക്കേസാണ്. കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയെ കബളിപ്പിച്ച് മുങ്ങുകയും വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ അകപ്പെടുകയും ചെയ്തതിന്റെ പേരിൽ കോടതി തന്നെ ജാമ്യം റദ്ദാക്കിയപ്പോൾ മനസ്സില്ലാമനസോടെ പോലീസിന് പിടിച്ച് റിമാൻഡ് ചെയ്യേണ്ടി വന്നതാണ്.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കാലത്താണ് ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്!
സർവ്വകലാശാല തലത്തിലെ ഒരു തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനുള്ള 'ധിക്കാരം' കാണിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട എഐഎസ്എഫുകാരിയായ വനിതാ സഖാവിനെ നടുവിന് ചവിട്ടി മർദ്ദിക്കുകയും "നിനക്ക് ഞങ്ങൾ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെ"ന്ന് ഭീഷണിപ്പെടുത്തി ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതിന് വേറെ കേസുകളും ഈ സ്ത്രീപക്ഷവാദിയായ നവോത്ഥാന നായകനുണ്ട്.
പിണറായി വിജയനെന്ന് പേരുള്ള ഒരാളാണ് ഇവരുടെയൊക്കെ നേതാവ്!