Advertisment

കൊൽക്കത്തയിലെ ടാറ്റ മെഡിക്കൽ സെന്ററിന്റെ അമരത്ത് വീണ്ടുമൊരു മലയാളി ; ഡോ. അരുൺ പട്ടത്തേയിൽ ഗുരുവായൂർ തിരുവെങ്കടം സ്വദേശി

author-image
ജൂലി
Updated On
New Update

publive-image

Advertisment

ഗുരുവായൂർ: ഇന്ത്യയിലെ അന്താരാഷ്ട്ര പ്രശസ്തമായ അർബ്ബുദചികിത്സ, ഗവേഷണകേന്ദ്രമായ കൊൽക്കത്തയിലെ ടാറ്റ മെഡിക്കൽ സെന്ററിന്റെ തലപ്പത്ത് വീണ്ടും ഒരു മലയാളി ഡോക്‌ടർ കൂടി. ഗുരുവായൂർ തിരുവെങ്കടം സ്വദേശി ഡോ. അരുൺ പട്ടത്തേയിൽ ആണ് ഈ ആതുരാലയത്തിന്റെ ഡയറക്ടറായി ചുമതലയേറ്റിരിക്കുന്നത്. രാജ്യത്തെ പ്രശസ്ത ഇ.എൻ.ടി. സർജ്ജന്മാരിലൊരാളായ ഡോ.അരുൺ വർഷങ്ങളായി തലയിലും കഴുത്തിലും ഉണ്ടാകുന്ന അർബ്ബുദബാധയെക്കുറിച്ചുള്ള പഠനഗവേഷണങ്ങളിലിരിക്കെയാണ് വലിയൊരു ചുമതല ഏറ്റെടുത്തിരിക്കുന്നത്.

പ്രശസ്ത ഹിമെറ്റോളജിസ്റ്റും മെഡിക്കൽ സെന്ററിന്റെ ഇപ്പോഴത്തെ അമരക്കാരനുമായ തിരുവല്ല മല്ലപ്പിള്ളി സ്വദേശി ഡോ. മാമ്മൻ ചാണ്ടിയുടെ പിന്മുറക്കാരനായാണ് ഡോ. അരുണിനെ ടാറ്റ ഗ്രൂപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്. 1995-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം. ബി. ബി. എസ്. പാസ്സായശേഷം അവിടെത്തന്നെ 1999-ൽ സർജറിയിൽ ബിരുദാനന്ദബിരുദവും പൂർത്തിയാക്കി. തുടർന്ന് കൊച്ചിയിലെ അമൃത വിശ്വവിദ്യാപീഠത്തിൽ (അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) നിന്നും 2007-ൽ എം.സിഎച്ചും നേടി. 2009-ൽ തലയേയും കഴുത്തിനേയും ബാധിയ്ക്കുന്ന അർബ്ബുദരോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഫെല്ലോഷിപ്പോടെ അമേരിക്കയിലെ മെരിലാന്റിലെ ബതേസ്ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ ചേർന്നു. ഗവേഷണം പൂർത്തിയാക്കി തിരിച്ചെത്തിയശേഷം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പതിനൊന്നു വർഷം സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

publive-image

ടിഷ്യു ബാംഗിങ്ങിലും സ്റ്റെംസെൽ റിസർച്ചിലും വ്യാപൃതനായിരിക്കെയാണ്കൊ ൽക്കത്തയിലെ ടാറ്റ മെഡിക്കൽ സെന്ററിൽ ആദ്യമായി സേവനം തുടങ്ങുന്നത്. ഹെഡ് ആന്റ് നെക്ക് റീകൺസ്ട്രക്റ്റീവ് സർജറി,സ്കുൾ ബേസ് സർജറി, ട്രാൻസ്‌ലേഷനൽ റിസേർച്ച് ഇൻ ഹെഡ് ആന്റ് നെക്ക് കാൻസർ, ടിഷ്യു റിപ്പോസിറ്ററീസ് എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം തെളിയിച്ചു

കൊണ്ട് അന്താരാഷ്ടതലത്തിൽ ശ്രദ്ധേയനായി മാറി ഡോ. അരുൺ. മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധവസ്തുവായ കുർക്കുമിൻ അർബുദരോഗാ വസ്ഥകളിൽ ഫലപ്രദമാണോ എന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി.

ഇന്ത്യാ ഗവണ്മെന്റിന്റെ ധനസഹായത്തോടെയായിരുന്നു ഗവേഷണം. വിവിധ മേഖലകളിൽ ഇദ്ദേഹം നടത്തിയ ഗവേഷണഫലങ്ങൾ പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കുകയും അവ ചികിത്സാരംഗത്ത് മാറ്റങ്ങൾക്ക് വഴിതെളിച്ചിട്ടുമുണ്ട്. 1997-ൽ ഡോ. സി.എ. കുര്യൻ ഗോൾഡ്‌ മെഡലും, 2004-ൽ ഡോ. ഗോപാലകൃഷ്ണ പിള്ള മെമ്മോറിയൽ ഗോൾഡ് മെഡലും, 2005-ൽ ഫൗണ്ടേഷൻ ഫോർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജിയുടെ ഗോൾഡ് മെഡലും, 2006-ൽ ഇ.എൻ.ടി. ജൂനിയർ കൺസൽട്ടന്റുമാർക്കുള്ള ഡോ. ഡോ. പി. എ. അവാർഡും ഡോ. അരുണിനെ തേടിയെത്തി. ടാറ്റ മെഡിക്കൽ സെന്ററിൽ കൺസൽട്ടന്റ് ആയിരിക്കെയാണ് ഇപ്പോൾ അതിന്റെ അമരക്കാരനായി നിയമനം ലഭിച്ചിരിക്കുന്നത്.

Advertisment