കൽപറ്റ: വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെ കൽപറ്റയിൽ കോൺഗ്രസിന്റെ വൻമാർച്ച്. കൽപറ്റ ടൗണിലേക്ക് നടത്തിയ മാർച്ചിൽ കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, രമ്യഹരിദാസ്, വി.ടി.ബൽറാം, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധൻ, ഷാഫി പറമ്പിൽതുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കുന്നു.
പിണറായിയും കൂട്ടരും അക്രമം നിർത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. വയനാട് ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കൽപ്പറ്റ നഗരത്തിലേക്കാണ് പോകുന്നത്. കൽപ്പറ്റയിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രസംഗിക്കും.
പൊലീസും പ്രവർത്തകരും തമ്മിൽ ചിലയിടത്ത് വെച്ച് ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തിൽ പൊലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. കൽപ്പറ്റ ജംഗ്ഷൻ പരിസരത്ത് വെച്ചും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പിൽ എം എൽഎ അടക്കമുള്ള നേതാക്കൾ ഉടൻ സ്ഥലത്ത് എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.