രഹസ്യ മൊഴിയിലെ വിവരം എങ്ങനെ പ്രതിപക്ഷത്തിന് കിട്ടി? പ്രതിയുമായി ബന്ധപ്പെട്ട് ആണോ അതോ ഇടനിലക്കാർ വഴി ആണോ കിട്ടിയത്, മാറ്റി പറയാൻ കഴിയുന്നത് ആണോ രഹസ്യ മൊഴി? സ്വർണക്കടത്തു കേസിലെ പ്രതിക്ക് സഹായം നൽകുന്നത് ആർഎസ്എസ് ബന്ധമുള്ളവർ! ഗൂഢാലോചന മുന്നോട്ടുവെച്ച് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് പ്രതിപക്ഷത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യമൊഴിയിലെ വിവരങ്ങൾ പ്രമേയ അവതാരകർക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച മുഖ്യമന്ത്രി, സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടനയെന്നും പറഞ്ഞു.

Advertisment

"മൊഴി തിരുത്തിക്കാൻ സർക്കാർ ഇടനിലക്കാർ വഴി ശ്രമിച്ചെന്ന ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണോ? 164 മൊഴി ആദ്യമായല്ല സ്വപ്ന കൊടുക്കുന്നത്. ആ മൊഴി അന്വേഷിച്ച കസ്റ്റംസ് 2021 മാർച്ച് നാലിനു കോടതിയിൽ സ്റ്റേറ്മെന്റ് നൽകി. ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്. മൊഴിയിലെ വിവരം എങ്ങിനെ പ്രതിപക്ഷത്തിന് കിട്ടി?പ്രതിയുമായി ബന്ധപ്പെട്ട് ആണോ അതോ ഇടനിലക്കാർ വഴി ആണോ കിട്ടിയത്. മാറ്റി പറയാൻ കഴിയുന്നത് ആണോ രഹസ്യ മൊഴി?-മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ എന്തോ പുതിയ കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് ഏജന്‍സികള്‍ രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസാണിത്. ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ പ്രമേയാവതാരകന്റെ പാര്‍ട്ടിക്കാര്‍ ഇവിടെ ആരെയെങ്കിലും ബാക്കിവെക്കുമായിരുന്നോ. തീയില്ലാത്തിടത്ത് പുക കണ്ടെത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിനപ്പുറം അടിയന്തര പ്രമേയ നോട്ടീസിന് ഒരു പ്രസക്തിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തു കേസിലെ പ്രതിക്ക് എല്ലാ സഹായവും നൽകുന്നത് ആർഎസ്എസ് ബന്ധമുള്ളവരാണ്. സ്വപ്നയ്ക്കു സഹായം നൽകുന്ന സ്ഥാപനം സംഘപരിവാർ ബന്ധമുള്ളതാണ്. സ്വപ്നയെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നതുപോലുള്ള ഏർപ്പാടാണ് സ്ഥാപനം ചെയ്യുന്നത്. ജോലിയും കൂലിയും വക്കീലും സുരക്ഷയും അവരുടെ വക. അത്തരമൊരു വ്യക്തിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment