തിരുവനന്തപുരം: മുഖ്യമന്ത്രിയെ കടുത്ത പ്രതിരോധത്തിലാക്കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ മെന്റര്‍ ജയ്ക് ബാലകുമാറാണെന്ന് കമ്പനി വെബ്‌സൈറ്റില്‍ തന്നെ പറഞ്ഞിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട മാത്യു കുഴല്‍നാടന്‍ താന്‍ പറഞ്ഞത് കളവാണെങ്കില്‍ മുഖ്യമന്ത്രിയോട് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ചു.
170 തവണ എക്‌സാലോജിക് വെബ് സൈറ്റില്‍ മാറ്റം വരുത്തി. മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത് മകളുടെ തന്നെ വെബ് സൈറ്റ് തന്നെയാണ്. ഈ വെബ് സൈറ്റില്‍ നിന്നും 2020 മെയ് 20 ന് എന്തിനാണ് ജയ്ക് ബാലകുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ നശിപ്പിച്ചതെന്നും മാത്യു ചോദിച്ചു.
എക്‌സാലോജികിന്റെ എഡിറ്റ് ഹിസ്റ്ററിയടക്കമാണ് മാത്യു പുറത്തുവിട്ടത്. ഇതോടെ ഇക്കാര്യം നിഷേധിക്കാനുമാകില്ല. മുഖ്യമന്ത്രി ബാഗേജൊന്നും മറന്നില്ലെന്ന് സഭയില്‍ രേഖാമൂലം അറിയിച്ചതും കുഴല്‍നാടന്‍ പൊളിച്ചു. സഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന നിലപാടാണ് മാത്യുവിനുള്ളത്.
അതേസമയം മുഖ്യമന്ത്രിയെയും വീണയേയും പ്രതിരോധിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തുവന്നു. മുമ്പ് പറഞ്ഞ കാര്യങ്ങളാണെന്നും ഇതില്‍ പുതുമയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പിന് മുമ്പ് വന്ന വിവാദത്തില്‍ ജനം തന്നെ മറുപടി നല്‍കിയതാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
ജയ്ക് ബാലകുമാര്‍ വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ പുതുതായി ഒന്നും പുറത്തുവിട്ടില്ലെന്നു തന്നെയാണ് സിപിഎം പ്രതികരണം. കുഴൽനാടന്റെ പത്രസമ്മേളനം വ്യത്യസ്തമായ ഒരു ശൈലിയിൽ ഉള്ളതായിരുന്നു എന്നത് സത്യമാണ്. പക്ഷെ അതിലൂടെ, 170 തവണ എക്‌സാലോജിക് വെബ് സൈറ്റില്‍ മാറ്റം വരുത്തി എന്നതൊഴികെ അദ്ദേഹം പുതിയതായി ഒന്നും പറഞ്ഞില്ല എന്ന വിലയിരുത്തലിൽ അല്പം യാഥാർഥ്യം ഇല്ലാതെയുമില്ല.
മുൻ സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നപ്പോൾ അന്തരിച്ച പി ടി തോമസ് സഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളുടെ ചുവടു പിടിച്ചാണ് ഇന്ന് കുഴൽനാടൻ പുറത്തുവിട്ട ആരോപണങ്ങളും. ഇതോടെ മുമ്പുയര്‍ന്ന വിവാദത്തില്‍ അന്നുതന്നെ വീണ തന്നെ മറുപടി നല്‍കിയതാണെന്നു സിപിഎമ്മും പറയുന്നു.
അതേസമയം കുഴല്‍നാടന്‍ തുറന്നുവിട്ട വിവാദം വരും ദിവസങ്ങളിലും തുടരുമെന്ന് ഉറപ്പാണ്. നാളെ സഭ സമ്മേളിക്കുമ്പോഴും ഈ വിഷയം വിടാന്‍ പ്രതിപക്ഷം തയ്യാറാകില്ല.
മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം. മകളെക്കുറിച്ചു പറഞ്ഞാല്‍ താന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴല്‍നാടന്‍ കരുതുന്നതെന്നാണ് അന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ചോദിച്ചത്. എന്നാൽ ഇതേ ചോദ്യം ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നു തീർച്ച .