സഭാ ടിവി വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഒടിടി സാങ്കേതിക സഹായം നല്‍കിയിരുന്ന കമ്പനിയുടെ മാധ്യമ പ്രവര്‍ത്തകനായ മുന്‍ ജീവനക്കാരന്‍ ! ബിറ്റ് റൈറ്റ് കമ്പനിയുടെ അണിയറയിലുള്ളത് സാങ്കേതിക പരിജ്ഞാനം ഉള്ളവരെന്നും മുന്‍ ജീവനക്കാരനായ സെബിന്‍ ജേക്കബ്. നിയമസഭയിലെ ഐടി ജീവനക്കാര്‍ ബിറ്റ്‌റൈറ്റിനെ എതിര്‍ത്തിരുന്നു ! ജേക്കബ് ജോര്‍ജിന് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കമ്പനിയുമായി ബന്ധമില്ലെന്നും ഡയറക്ടര്‍ സ്ഥാനം രാജിവച്ചെന്നും സെബിന്‍. അനിത പുല്ലയിലുമായി ജേക്കബ് ജോര്‍ജ്ജിനെ കെട്ടിവയ്ക്കുന്നത് നെറികെട്ട പരിപാടിയെന്നും സെബിന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സഭാ ടിവിയും ഒടിടി കരാര്‍ എടുത്ത ബിറ്റ്‌റൈറ്റ് സൊല്യൂഷന്‍ എന്ന കമ്പനിക്കെതിരെയും ആരോപണമുന്നിയിക്കുമ്പോള്‍ സംഭവത്തിന്റെ വാസ്തവം അതല്ലെന്ന് വ്യക്തമാക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ സെബിന്‍ ജേക്കബ്. മുമ്പ് ബിറ്റ്‌റൈറ്റ് സൊല്യൂഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു സെബിന്‍. നേരത്തെ കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍ ഉന്നയിച്ച വാദങ്ങളെ പൂര്‍ണമായും തളളുന്നതാണ് സെബിന്‍ പറയുന്ന കാര്യങ്ങള്‍.

Advertisment

ആദ്യം സാറ്റലൈറ്റ് ടെലിവിഷനായി തുടങ്ങാനിരുന്ന സഭ ടിവി പിന്നീട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് സാങ്കേതിക പിന്തുണ നല്‍കുകയായിരുന്നു ബിറ്റ് റൈറ്റ് സൊല്യൂഷന്‍. കമ്പനിയുടെ പിന്നണിയിലുള്ളവരെല്ലാം ഈ മേഖലയില്‍ പയറ്റിത്തെളിഞ്ഞവര്‍ തന്നെയായിരുന്നു.

വെങ്കിടേഷ് രാമകൃഷ്ണന്‍ ചീഫ് എഡിറ്ററായുള്ള എഡിറ്റോറിയല്‍ ടീം ആണ് സഭാ ടിവിക്കു വേണ്ടി പ്രോഗ്രാമുകള്‍ നേരിട്ടോ അല്ലാതെയോ ചെയ്തത്. അതിനായി പ്രൊഡ്യൂസേഴ്‌സ് പാനല്‍ ഉണ്ടാക്കാന്‍ പബ്ലിക് ആയി അപേക്ഷ ക്ഷണിച്ചിരുന്നു.

ടെലിവിഷന്‍ ഡോക്യുമെന്ററി രംഗത്തു പ്രവര്‍ത്തിച്ചിരുന്ന ധാരാളം പേര്‍ക്ക് പരിപാടികള്‍ ലഭിക്കുകയും അവരൊക്കെ പ്രോഗ്രാം ചെയ്ത് സഭാ ടിവിയെ ഏല്‍പ്പിക്കുകയും ഉണ്ടായി. ഇതില്‍ ബിറ്റ്‌റൈറ്റിന് റോളില്ലായിരുന്നു.

ബിറ്റ്‌റൈറ്റ് ചെയ്ത പരിപാടികളുടെ സാമ്പത്തിക നഷ്ടം സഭാ ടിവിക്കല്ല, മറിച്ച് കമ്പനിക്ക് തന്നെയായിരുന്നുവെന്ന് സെബിന്‍ പറയുന്നു. അക്കാലത്തു നടന്ന ലോകകേരള സഭ, കൊച്ചിയില്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന അസന്‍ഡ് കേരള, കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റ് തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ പ്രമുഖരെ ഇന്റര്‍വ്യൂ ചെയ്‌തെങ്കിലും അവയില്‍ പലതും വെളിച്ചം കണ്ടില്ല.

എഡിറ്റോറിയല്‍ ടീമും ബിറ്റ്‌റൈറ്റുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോര്‍വിളി ഉണ്ടായി എന്ന് സജീന്ദ്രന്‍ പറയുന്നത് ഭാവന മാത്രമാണ്. തുടക്കം മുതല്‍ ഇരുസംഘങ്ങള്‍ക്കുമിടയില്‍ ചില്ലറ അവിശ്വാസവും അസ്വാരസ്യങ്ങളുണ്ടായിരുന്നു എന്നത് സത്യമാണെന്നും അത് പക്ഷെ പോര്‍വിളി അല്ലായിരുന്നുവെന്നും സെബിന്‍ പറയുന്നു.

ചില അസ്വാരസ്യങ്ങളുടെ പേരില്‍ കഴിഞ്ഞ ഓണക്കാലം മുതല്‍ ബിറ്റ്‌റൈറ്റുമായി അകന്നു നില്‍ക്കുകയാണ് ജേക്കബ് ജോര്‍ജ്ജ്. എങ്കിലും കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ എന്ന നിലയില്‍ തുടരുന്നുമുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച അദ്ദേഹം ഡയറക്റ്റര്‍ഷിപ് രാജിവയ്ക്കുകയും രാജിവിവരം ഡയറക്റ്റര്‍ ബോര്‍ഡിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും രേഖാമൂലം എഴുതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അത് കമ്പനി അഫയേഴ്‌സില്‍ പ്രതിഫലിക്കാനുള്ള താമസം മാത്രമേ ഉള്ളൂ. മുടക്കിയ പണം വരെ നഷ്ടമായി കരുതിയാണ് അദ്ദേഹം കമ്പനി വിടുന്നതെന്നും സെബിന്‍ എഴുതുന്നു.

സെബിന്‍ ജേക്കബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം നിര്‍മിക്കാനും പരിപാലിക്കാനും കരാര്‍ ലഭിച്ച ബിറ്റ്‌റൈറ്റ് സൊല്യൂഷന്‍സ്‌ എന്ന സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയെ കുറിച്ചാണ് പോസ്റ്റ്. ഈ കമ്പനിയില്‍ അല്പകാലം കരാര്‍ അടിസ്ഥാനത്തില്‍ പണിയെടുത്തിട്ടുണ്ട്. കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിലോ പേ റോളിലോ ഉണ്ടായിട്ടില്ല. പറഞ്ഞ കാശു കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഞാന്‍ പണി അവസാനിപ്പിക്കുകയും ചെയ്തു. എങ്കിലും കമ്പനിയെ കുറിച്ചും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ്ജിനെ കുറിച്ചും കോണ്‍ഗ്രസ് തെറിപ്പിക്കുന്ന ചെളി പോലെയല്ല കാര്യങ്ങള്‍ എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സിനിമാ തീയേറ്റര്‍ നടത്തുന്ന ബിബുരാജ്, സിനിമാ നിര്‍മാതാവായ ഷിനോയ്, ഇവരുടെ സുഹൃത്തായ ഫസീല മുതലായവര്‍ ചേര്‍ന്നു തുടങ്ങിയ ഡിജിറ്റല്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ബിറ്റ്‌റൈറ്റ്. ഇവര്‍ നേരത്തെ അനില്‍ നായര്‍ എന്ന വ്യക്തി നടത്തിയിരുന്ന ഒരു കമ്പനിയിലെ സഹപ്രവര്‍ത്തകരായിരുന്നു. ഡിജിറ്റല്‍ ഫിലിം മേക്കിങ്ങില്‍ ഇന്ത്യയിലെ ആദ്യപഥികരില്‍ ഒരാളായിരുന്നെങ്കിലും വേണ്ടത്ര അറിയപ്പെടാതെയോ വിജയിക്കാതെയോ പോയ ഒരു ടെക്‌നോക്രാറ്റ് ആണ് അനില്‍ നായര്‍. ഈ അനില്‍ നായരെ എംഡിയാക്കി കൊണ്ടുവന്നാണ് ഇവര്‍ നിയമസഭയിലെ കരാര്‍ നേടുന്നത്.

ആരാണ് അനില്‍ എന്നു വിശദമായി പറയാം. ഇന്ത്യയില്‍ ആദ്യത്തെ ഡിജിറ്റല്‍ തീയേറ്റര്‍ സ്ഥാപിക്കുന്നത് മധുരയിലാണ്. അന്ന് അതിനുവേണ്ട സാങ്കേതികസഹായം മുഴുവന്‍ ചെയ്ത വ്യക്തിയാണ് അനില്‍ നായര്‍. ഇന്ത്യയില്‍ ആദ്യമായി ചിത്രീകരിച്ച പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ വി കെ പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാള്‍ എന്ന മലയാളചലച്ചിത്രമായിരുന്നു. ഈ ചിത്രത്തിന്റെ ടെക്‌നിക്കല്‍ ഡയറക്റ്ററായിരുന്നതും പൂര്‍ണ്ണമായും ഫിലിം ഉപേക്ഷിച്ച് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ആവശ്യമായ സാങ്കേതികസഹായവും പിന്തുണയും നല്‍കിയതും അനില്‍ നായരായിരുന്നു. വിഎസ് ഗവണ്‍മെന്റിന്റെ തുടക്കകാലത്ത് തിരുവനന്തപുരത്ത് സ്വതന്ത്ര കോണ്‍ഫറന്‍സ് നടന്നിരുന്നത് ഓര്‍ക്കുന്നവരുണ്ടാകാം. അന്ന് ബ്ലെന്‍ഡര്‍ എന്ന സിനിമയില്‍ 3D റെന്‍ഡറിങ്ങിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറിനെ കുറിച്ച് ഉള്ള സെഷന് അവരുമായി ബന്ധപ്പെട്ട സംഘാടകരോട് അവര്‍ നിര്‍ദ്ദേശിച്ചത് അനില്‍ നായരെ വിളിക്കാനാണ്. ഡിജിറ്റല്‍ കളര്‍ ഗ്രേഡിങ്, ഇമേജ് മാനിപ്പുലേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ നല്ല സാങ്കേതിജ്ഞാനമുള്ളയാള്‍.

ഇദ്ദേഹം നേതൃത്വം നല്‍കി സ്ഥാപിച്ച സിനിസോഫ്റ്റ് എന്ന കമ്പനി പിന്നീട് നെസ്റ്റിന്റെ ജാവേദ് ഹസന്‍ ഏറ്റെടുക്കുകയും ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് അനില്‍ നായര്‍ക്കു പുറത്തുപോകേണ്ടിവരികയും ഉണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ കണ്ടന്റ് ഡെലിവറി രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. അനില്‍ നായരുടെ ബന്ധങ്ങളുപയോഗിച്ചും സാങ്കേതികപരിജ്ഞാനം ഉപയോഗിച്ചുമാണ് ബിറ്റ്‌റൈറ്റ് സൊല്യൂഷന്‍സ് ഒ.ടി.ടി പ്ലാറ്റ്‌ഫോം നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ കൈക്കലാക്കിയത്.

ഇനി ഇതിലേക്ക് ജേക്കബ് ജോര്‍ജ്ജിന്റെ ബന്ധമെന്താണ്? മുന്‍ ഇന്ത്യ ടുഡേ മലയാളം എഡിറ്ററായിരുന്ന, മുന്‍ മാതൃഭൂമിക്കാരനായ ജേക്കബ് ജോര്‍ജ്ജ് മലയാളത്തിലെ തലമുതിര്‍ന്ന ജേണലിസ്റ്റുകളില്‍ ഒരാളാണ്. ബിറ്റ്‌റൈറ്റിന് ഒടിടി പ്ലാറ്റ്‌ഫോം എന്ന ഒറ്റ ബിസിനസ് ലക്ഷ്യമല്ല ഉണ്ടായിരുന്നത്. Mora News എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോം അവര്‍ പ്ലാന്‍ ചെയ്തിരുന്നു. മറ്റുള്ളവര്‍ക്കായി സിന്‍ഡിക്കേറ്റ് ചെയ്യുന്ന കണ്ടന്റ് നിര്‍മിക്കാനുള്ള ഒരു സ്റ്റുഡിയോ, മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍ ഹൗസ് എന്നിവയായിരുന്നു മറ്റു ലക്ഷ്യങ്ങള്‍. അതിനായി മാദ്ധ്യമപരിചയമുള്ള ആളുകള്‍ വേണ്ടിയിരുന്നു. അങ്ങനെയാണ് ജേക്കബ് ജോര്‍ജ്ജിനെ കമ്പനിയുടെ ഡയറക്റ്റര്‍മാരില്‍ ഒരാളായി അവര്‍ കൂട്ടുന്നത്. എന്നെയും അതേ ആവശ്യത്തിനാണ് ബന്ധപ്പെടുന്നത്.

ഇനി സഭാ ടിവിയിലേക്കുള്ള വരവ്. സഭാ ടിവി സന്‍സദ് ടിവി മാതൃകയില്‍ (പഴയ LSTV/RSTV) ഒരു സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലായാണ് മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിഭാവനം ചെയ്തിരുന്നത്. ഇതിനായി വെങ്കിടേഷ് രാമകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ഒരു മാദ്ധ്യമ ഉപദേശക സമിതിയെ നിയോഗിക്കുകയും ചെയ്തു. സണ്ണിക്കുട്ടി ഏബ്രഹാം, ജേക്കബ് ജോര്‍ജ്ജ്, എംഎല്‍എമാരായിരുന്ന വീണ ജോര്‍ജ്ജ്, ജയിംസ് മാത്യു, സി മമ്മൂട്ടിയുടെ പിഎസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിഎസ് ആയിരുന്ന മോഹന്‍ തുടങ്ങിയവരുണ്ടായിരുന്നു. വേറെ ആരൊക്കെ എന്ന് കൃത്യമായി ഓര്‍മയില്ല. പഴയ രേഖകള്‍ നോക്കേണ്ടതുണ്ട്. ഇതു കൂടാതെ പ്രിയ രവീന്ദ്രന്‍, ശ്രീജിത് ദിവാകരന്‍, വി എം ദീപ, ഗായത്രി എന്നിവരെ സഭാ ടിവിക്കു വേണ്ടി പ്രോഗ്രാം ഉണ്ടാക്കാനായി ശമ്പളത്തില്‍ നിയമിച്ചിരുന്നു. ഇവരെല്ലാം വര്‍ഷങ്ങളുടെ വിഷ്വല്‍ മീഡിയ എക്‌സ്പീരിയന്‍സ് ഉള്ളവരാണ്. (കഴിഞ്ഞ നിയമസഭയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ഇവര്‍ രാജിവച്ച് ഒഴിയുകയുണ്ടായി. സിനിമാ നിര്‍മാണവും ആയി ബന്ധപ്പെട്ട് ശ്രീജിത് നേരത്തെ തന്നെ ഒഴിവായിരുന്നു.)

ഇതില്‍ വലിയ അനക്കമൊന്നും ഇല്ലാതിരുന്ന സമയത്താണ് സ്റ്റാര്‍ട്ട് അപ് മിഷന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ഒടിടി ചാനല്‍ ആലോചിച്ചുകൂടാ എന്ന ഒരു ആശയം സ്പീക്കറുടെ മുമ്പില്‍ വയ്ക്കുന്നതും ആയിടയ്ക്ക് സ്റ്റാര്‍ട്ട് അപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ബിറ്റ്‌റൈറ്റ് സൊലൂഷന്‍സിനോട് ഒരു പ്രൊപ്പോസല്‍ കൊടുക്കാന്‍ ഉപദേശിക്കുന്നതും. ജേക്കബ് ജോര്‍ജ്ജ് അന്നേരം നേരത്തെ പറഞ്ഞ സമിതിയില്‍ ഉണ്ടായിരുന്നതിനാല്‍ സ്പീക്കര്‍ തന്നെ അക്കാര്യം തിരക്കുകയും അങ്ങനെ മേപ്പടി കമ്പനി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട് സമര്‍പ്പിക്കയും ചെയ്തു.

ഈ പ്രോജക്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാറ്റലൈറ്റ് ചാനല്‍ എന്ന ആശയത്തില്‍ നിന്ന് സഭ പിന്‍മാറുകയും പകരം ഒടിടി ചാനല്‍ എന്ന് തീരുമാനിക്കുകയും കരാര്‍ ബിറ്റ്‌റൈറ്റിനു ലഭിക്കുകയും ഉണ്ടായി. ബിറ്റ്‌റൈറ്റ് വളരെ അണ്ടര്‍കോട്ട് ചെയ്താണ് ആ കരാര്‍ ഏറ്റെടുത്തത് എന്ന ആക്ഷേപം അന്നേ എനിക്കുണ്ട്. കേവലം 35 ലക്ഷം രൂപയാണ് പ്ലാറ്റ്‌ഫോമിന് അവര്‍ വാങ്ങിയത്. കൂടാതെ സോഷ്യല്‍ മീഡിയ പ്രൊമോഷനും പരിപാലനത്തിനുമായി ഒരു മന്ത്‌ലി റമ്യൂണറേഷന്‍ വ്യവസ്ഥയില്‍ ഉള്ള കരാറിലും ഏര്‍പ്പെട്ടു. കേവലം രണ്ടുലക്ഷം രൂപയാണ് ഇങ്ങനെ കമ്പനിക്കു ലഭിക്കുക. ഇത് തീരെ കുറഞ്ഞ റേറ്റ് ആണ്. എന്നാല്‍ പ്ലാറ്റ്‌ഫോം നിര്‍മാണം, പരിപാലനം എന്നിവ കൂടാതെ പ്രൊഡക്ഷന്‍ കൂടി ലഭിക്കും എന്ന ധാരണയിലാണ് ബിറ്റ്‌റൈറ്റ് അന്ന് പ്ലാറ്റ്‌ഫോം അണ്ടര്‍കോട്ട് ചെയ്തിരുന്നത്.

അതിനു മുമ്പ് നിയമസഭാനടപടികള്‍ ഐഎച്ച്ആര്‍ഡിയുടെ സഹായത്തോടെ വെബ് കാസ്റ്റ് ചെയ്തു പോന്നിരുന്നു. ആ വെബ്കാസ്റ്റ് ഇപ്പോഴും ലഭ്യമാണ്. അതിനെ അപേക്ഷിച്ച് അനവധി സൗകര്യങ്ങളുള്ള പ്ലാറ്റ്‌ഫോം ആയിരുന്നു ബിറ്റ്‌റൈറ്റ് വാഗ്ദാനം ചെയ്തിരുന്നത്. അതിലേക്ക് ഒടുവില്‍ വരാം.

വെങ്കിടേഷ് രാമകൃഷ്ണന്‍ ചീഫ് എഡിറ്ററായുള്ള എഡിറ്റോറിയല്‍ ടീം ആണ് സഭാ ടിവിക്കു വേണ്ടി പ്രോഗ്രാമുകള്‍ നേരിട്ടോ അല്ലാതെയോ ചെയ്തത്. അതിനായി പ്രൊഡ്യൂസേഴ്‌സ് പാനല്‍ ഉണ്ടാക്കാന്‍ പബ്ലിക് ആയി അപേക്ഷ ക്ഷണിച്ചിരുന്നു. ടെലിവിഷന്‍ ഡോക്യുമെന്ററി രംഗത്തു പ്രവര്‍ത്തിച്ചിരുന്ന ധാരാളം പേര്‍ക്ക് പരിപാടികള്‍ ലഭിക്കുകയും അവരൊക്കെ പ്രോഗ്രാം ചെയ്ത് സഭാ ടിവിയെ ഏല്പിക്കുകയും ഉണ്ടായി.

സജീന്ദ്രന്‍ ആദ്യം തന്നെ പറയുന്നത് ഇങ്ങനെ: ''സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ജീവനക്കാരുടെ ശമ്പളമടക്കം ആകെ 1,72,95043 ഖജനാവില്‍ നിന്ന് ചിലവിട്ടു.''

സഭാ ടിവിക്കു വേണ്ടി നിയമസഭയില്‍ ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവില്‍ സെക്രട്ടേറിയറ്റ് സര്‍വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ തന്നെയാണ്. നാലോ അഞ്ചോ സ്റ്റാഫ് ഉണ്ടെന്നു തോന്നുന്നു. ഇവരുടെ ശമ്പളം സഭാ ടിവി ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുതന്നെ. അവരെ കൂടി കൂട്ടിയാലും ഈ 77 പേരുടെ കണക്ക് ശരിയല്ല. ഒരുകാലത്തും അത്രയും പേര്‍ സഭാ ടിവിക്കു വേണ്ടി ശമ്പളക്കാരായി പണിയെടുത്തിട്ടില്ല. സഭാ ടിവിക്കു വേണ്ടി പുറമേ നിന്നു ശമ്പളത്തില്‍ നിയോഗിച്ചിരുന്നത് വെറും നാലുപേരെയാണ്. അവര്‍ കഴിഞ്ഞ നിയമസഭയുടെ അവസാനം പിരിയുകയും ചെയ്തു. ദൃശ്യമാദ്ധ്യമപ്രവര്‍ത്തകരായിരുന്ന അവര്‍ക്ക് ബിറ്റ്‌റൈറ്റുമായി ബന്ധമില്ല. ചാനലിനായി ബിറ്റ്‌റൈറ്റിന്റെ സ്റ്റാഫ് പണിയെടുത്തിട്ടുണ്ട്. അവര്‍ക്കുള്ള പ്രതിഫലം ആ കമ്പനിയാണു നല്‍കിയത്. അല്ലാതെ സഭയില്‍ നിന്ന് അതിനായി പണം വകയിരുത്തിയിട്ടില്ല.

എന്റെ അറിവില്‍ ശരാശരി 1,22,000 രൂപ ഓരോ 24 മിനിറ്റ് പരിപാടിക്കും പ്രൊഡ്യൂസര്‍മാര്‍ക്കു അനുവദിച്ചിട്ടുണ്ട്. (അനുവദിച്ച മുഴുവന്‍ തുകയും നല്‍കണമെന്നില്ല. അതു ബില്ലിന്റെ അടിസ്ഥാനത്തിലാണ്.) ഇവര്‍ സ്വതന്ത്ര വ്യക്തികളാണ്. അവരില്‍ ആരും തന്നെ ബിറ്റ്‌റൈറ്റുമായി ബന്ധപ്പെട്ടവരല്ല. അവരെ തെരഞ്ഞെടുത്തത് വെങ്കിടേഷ് രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീമാണ്. ബിറ്റ്‌റൈറ്റിന് അതില്‍ ഒരിടപെടലും ഇല്ല. എട്ടുമിനിറ്റ് പരസ്യമടക്കം ഇത് അരമണിക്കൂര്‍ പ്രോഗ്രാമായാവും ടിവിയില്‍ വരിക. ഇത്രയും സമയത്തെ ഒരു പ്രോഗ്രാം ചെയ്യുന്നതിന് എത്ര ചവിട്ടിപ്പിടിച്ചാലും 80K-85K എങ്കിലും കുറഞ്ഞ ചെലവു വരും. പ്രൊഡ്യൂസര്‍മാര്‍ കൃത്യമായി കണക്കു കൊടുക്കണം. ഫൈനല്‍ ബില്‍ സെറ്റില്‍മെന്റ് അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതില്‍ അവരുടെ റെമ്യൂണറേഷന്‍ കൂടി ഉള്‍പ്പെടും.

ഈ പ്രോഗ്രാമുകളൊക്കെ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ സ്ലോട്ട് എടുത്ത് സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായത്. സഭാ ടിവിക്കു വന്ന ഏറ്റവും വലിയ ചെലവ് ഇങ്ങനെ ചാനലുകള്‍ക്കു കൊടുത്തതാണ്. അവയില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മണ്ഡലങ്ങള്‍ കവര്‍ ചെയ്തിട്ടുണ്ട്. വക്കം പുരുഷോത്തമന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പാലൊളി മുഹമ്മദ് കുട്ടിയുടെയും ഒക്കെ ഗംഭീര ഇന്റര്‍വ്യൂകള്‍ സഭാ ടിവി പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.

ബിറ്റ്‌റൈറ്റിനു വേണ്ടി അനില്‍ നായര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് സഭാ ടിവിക്കു നല്‍കിയ പ്രോജക്റ്റ് റിപ്പോര്‍ടില്‍ ഗണ്യമായ ഭാഗം എഴുതി തയ്യാറാക്കിയത് ഞാന്‍ ആണ്. അത് കമ്മിഷന്‍ വ്യവസ്ഥയില്‍ ഉള്ള ഒരു ഹയേര്‍ഡ് ജോബ് ആയിരുന്നു. അന്നേരം ഞാന്‍ ബിറ്റ്‌റൈറ്റിന്റെ സ്റ്റാഫോ കരാര്‍ തൊഴിലാളിയോ ആയിരുന്നില്ല. ഇങ്ങനെ പല കമ്പനികള്‍ക്കു വേണ്ടിയും പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. സാങ്കേതിക വിവരങ്ങള്‍ കമ്പനി പ്രൊവൈഡ് ചെയ്യുകയും ഞാന്‍ സ്‌ക്രൈബ് ചെയ്യുകയും ചെയ്തു എന്നേയുള്ളൂ. ഫിനാന്‍സസ് വര്‍ക്കൗട്ട് ചെയ്യാന്‍ എനിക്കറിയില്ല. അതിനാല്‍ ആ ഭാഗം ഏതെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ടു ചെയ്യിക്കണം എന്നു ഞാന്‍ അറിയിച്ചിരുന്നു. അവര്‍ അതു ചെയ്തിട്ടുമുണ്ടാവണം. എനിക്ക് അതില്‍ ഇന്‍സൈഡര്‍ ഇന്‍ഫര്‍മേഷന്‍ ഇല്ല.

എന്നാല്‍ അതിനൊപ്പം എന്റെ മുന്‍കൈയില്‍ ഒരു മീഡിയ പ്ലാന്‍ കൂടി തയ്യാറാക്കുകയും ഏകദേശം 41 പരിപാടികളുടെ കൂടി പ്രാഥമിക ഡിസൈന്‍ അടക്കം അതും അനുബന്ധമായി സബ്മിറ്റ് ചെയ്യുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലം ഒടിടി പ്ലാറ്റ്‌ഫോം ആകുമ്പോള്‍ അതിനു വേണ്ടി പ്രത്യേക പരിപാടികള്‍ ആവശ്യമാകും എന്ന കണക്കുകൂട്ടലായിരുന്നു. ഈ പരിപാടികളെല്ലാം ബിറ്റ്‌റൈറ്റിനു തന്നെ പ്രൊഡ്യൂസ് ചെയ്യാനാവും എന്നാണ് കരുതിയിരുന്നത്.

പരിപാടി ഡിസൈന്‍ ചെയ്യുമ്പോള്‍ അത് ഒരു ബൊക്കേയായിട്ടാണ് വിഭാവനം ചെയ്തത്. അതായത് ചില പരിപാടികള്‍ ചെലവേറിയതും നിര്‍മിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാവും. ചിലത് താരതമ്യേന എളുപ്പവും നിര്‍മാണച്ചെലവ് കുറഞ്ഞതുമാവും. ഇവയുടെ ഒരു ബാലന്‍സ് ഉണ്ടെങ്കില്‍ മാത്രമേ വയബിളാകൂ. എന്നാല്‍ മേല്‍പ്പറഞ്ഞ എഡിറ്റോറിയല്‍ ഉപദേശക സമിതി ഈ മീഡിയ പ്ലാന്‍ പരിശോധിക്കുകയും അതില്‍ നിന്ന് അത്ര അട്രാക്റ്റീവ് അല്ലാത്ത പത്ത് പ്രോഗ്രാമുകള്‍ നിര്‍മിക്കാന്‍ ബിറ്റ്‌റൈറ്റിനോട് ആവശ്യപ്പെടുകയും ബാക്കി നിലവിലുള്ള എഡിറ്റോറിയല്‍ ടീം നിര്‍മിച്ചുകൊള്ളും എന്ന് അറിയിക്കുകയും ചെയ്തു. അതില്‍ നിന്ന് ഒരു പരിപാടി മാത്രമാണ് ബിറ്റ്‌റൈറ്റ് ചെയ്തത്.

ബിറ്റ്‌റൈറ്റിനു വേണ്ടി അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ഷിനോയിയുടെ പ്രൊഡക്ഷന്‍ ടീം ആണ് അത് എക്‌സിക്യൂട്ട് ചെയ്തത്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്നയാളുകളെ ഉപയോഗിച്ചു ചെയ്തതിനാല്‍ തന്നെ അനുവദിച്ചതിലും പത്തിരട്ടി തുക അതിനു ചെലവായി. അതാവട്ടെ അമ്പേ പരാജയവുമായിരുന്നു. യാതൊരു വീണ്ടുവിചാരവുമില്ലാതെ അതിലുപയോഗിച്ച മ്യൂസിക്ക്, ചില വിഷ്വല്‍സ് ഒക്കെ മേല്‍പ്പറഞ്ഞ എഡിറ്റോറിയല്‍ സമിതി ആ പരിപാടി തള്ളിക്കളയുന്നതിലേക്കാണ് നയിച്ചത്. അതിന്റെ പണം ബിറ്റ്‌റൈറ്റിനു നഷ്ടമായി. ആ ഇനത്തില്‍ സഭയ്ക്ക് നയാപൈസ ചെലവു വന്നിട്ടില്ല.

അതിനു ശേഷം അക്കാലത്തു നടന്ന ലോകകേരള സഭ, കൊച്ചിയില്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന അസന്‍ഡ് കേരള, കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റ് തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ പ്രമുഖരെ ഇന്റര്‍വ്യൂ ചെയ്‌തെങ്കിലും അവയില്‍ പലതും വെളിച്ചം കണ്ടില്ല.

എഡിറ്റോറിയല്‍ ടീമും ബിറ്റ്‌റൈറ്റുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോര്‍വിളി ഉണ്ടായി എന്ന് സജീന്ദ്രന്‍ പറയുന്നത് ഭാവന മാത്രമാണ്. തുടക്കം മുതല്‍ ഇരുസംഘങ്ങള്‍ക്കുമിടയില്‍ ചില്ലറ അവിശ്വാസവും അസ്വാരസ്യങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്. ഉദാഹരണത്തിന് ബിറ്റ്‌റൈറ്റിനെ പ്രതിനിധീകരിച്ച് ഒരു യോഗത്തില്‍ ഞാന്‍ പങ്കെടുത്തതിന്റെ പേരില്‍ എഡിറ്റോറിയല്‍ വിഭാഗം പരാതിപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നെ ക്ഷണിച്ചിട്ടാണ് ഞാന്‍ പങ്കെടുത്തത് എന്ന് അറിയിച്ചതോടെ അതവിടെ തീര്‍ന്നു.

ഇതിന്റെ പിന്നില്‍ മറ്റൊരു കാരണം വേണമെങ്കില്‍ ആരോപിക്കാം. നിയമസഭയ്ക്കു സ്വന്തമായി സാറ്റലൈറ്റ് ചാനല്‍ എന്നതായിരുന്നു വെങ്കിടേഷ് രാമകൃഷ്ണനു ലഭിച്ചിരുന്ന ബ്രീഫ്. എന്നാല്‍ ഒടുവില്‍ തീരുമാനിക്കപ്പെട്ടത് സ്ട്രീമിങ് ചാനല്‍ ആണ്. അതിനു വേണ്ടി പ്രോഗ്രാം ചെയ്യുന്നത് ആര് എന്നതിനെ കുറിച്ച് തുടക്കത്തില്‍ തര്‍ക്കമുണ്ടായി. അത് എഡിറ്റോറിയല്‍ ടീം നിശ്ചയിക്കുന്നവര്‍ ചെയ്താല്‍ മതി എന്ന് അസന്ദിഗ്ദ്ധമായി തീരുമാനമുണ്ടായി. പിന്നീട് അതേ ചൊല്ലി ഒരു വിഷയം ഉണ്ടായിട്ടില്ല.

അതോടെ ബിറ്റ്‌റൈറ്റ് പൂര്‍ണ്ണമായും പ്രൊഡക്ഷനില്‍ നിന്ന് മാറുകയും സ്ട്രീമിങ്, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ എന്നിങ്ങനെ രണ്ടു കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ആണുണ്ടായത്. സഭാ ടിവിയുമായി ബന്ധപ്പെട്ട എഡിറ്റോറിയല്‍ ഡിസിഷനുകളില്‍ ബിറ്റ്‌റൈറ്റിനോ ഉപദേശക സമിതി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു എന്നതിലുപരി ജേക്കബ് ജോര്‍ജ്ജിനോ പങ്കുണ്ടായിട്ടില്ല.

ഇനി മേല്‍പ്പറഞ്ഞ കമ്പനി ബിസിനസ്പരമായ (നിയമസഭയുമായി ബന്ധപ്പെട്ടതല്ല) ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അനില്‍ നായരെ തലപ്പത്തുനിന്ന് തെറിപ്പിക്കുകയും പകരം ബിബുരാജും ഫസീലയും പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ഉണ്ടായി. കഴിഞ്ഞതിന്റെ മുമ്പത്തെ ഓണക്കാലത്താണ് ഈ തീരുമാനം ഉണ്ടാകുന്നത് എന്നാണ് എന്റെ ഓര്‍മ്മ. അതില്‍ പ്രതിഷേധിച്ച് അന്നുമുതല്‍ തന്നെ ബിറ്റ്‌റൈറ്റുമായി അകന്നു നില്‍ക്കുകയാണ് ജേക്കബ് ജോര്‍ജ്ജ്. എങ്കിലും കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ എന്ന നിലയില്‍ തുടരുന്നുമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം ഡയറക്റ്റര്‍ഷിപ് രാജിവയ്ക്കുകയും രാജിവിവരം ഡയറക്റ്റര്‍ ബോര്‍ഡിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും രേഖാമൂലം എഴുതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അത് കമ്പനി അഫയേഴ്‌സില്‍ പ്രതിഫലിക്കാനുള്ള താമസം മാത്രമേ ഉള്ളൂ. മുടക്കിയ പണം വരെ നഷ്ടമായി കരുതിയാണ് അദ്ദേഹം കമ്പനി വിടുന്നത്.

കൊച്ചി ആസ്ഥാനമായാണ് ബിറ്റ്‌റൈറ്റ് എന്ന കമ്പനി. തിരുവനന്തപുരത്തു നിന്ന് അതിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗങ്ങള്‍ക്കായി പോയ വകയിലുള്ള യാത്രാക്കൂലി പോലും ജേക്കബ് ജോര്‍ജ്ജിനു കമ്പനിയില്‍ നിന്നു ലഭിച്ചിട്ടില്ല. അതേ സമയം കമ്പനിക്കായി അദ്ദേഹത്തില്‍ നിന്ന് നിക്ഷേപം പോയിട്ടുമുണ്ട്. ചുരുക്കത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച് സാമ്പത്തികമായും നഷ്ടക്കച്ചവടം മാത്രമേ അതുണ്ടാക്കിയിട്ടുള്ളൂ. ആ തരത്തില്‍ ഒരു പരാജയപ്പെട്ട സംരംഭകന്‍ ആണ് അദ്ദേഹം എന്നു പറയാം.

കഴിഞ്ഞ നിയമസഭയുടെ കാലത്തെ ലോകകേരള സഭയില്‍ അനിത പുല്ലയില്‍ ഇറ്റലിയില്‍ നിന്നുമുള്ള അംഗമായിരുന്നു. അന്നത്തെ മിക്ക അംഗങ്ങളെയും സഭാ ടിവി ഇന്റര്‍വ്യൂ ചെയ്തിരുന്ന കൂട്ടത്തില്‍ ഇവരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അന്ന് ഇവര്‍ ഒരു 'വിവാദവനിത'യല്ല. ഇത്തവണ അവര്‍ പ്രതിനിധി ആയിരുന്നില്ല എന്ന വിവരം പോലും ആര്‍ക്കും അറിയുകയുമുണ്ടായില്ല. ഇവര്‍ ലോകകേരള സഭ നടക്കുമ്പോള്‍ നിയമസഭയിലെത്തുകയും ഫസീലയുമായുള്ള മുന്‍പരിചയത്തിന്റെ പുറത്ത് സഭാ ടിവിയുടെ സ്റ്റുഡിയോയില്‍ എത്തുകയും ചെയ്തു. അതിന്റെ പേരില്‍ ഫസീല, ബിബുരാജ്, പ്രവീണ്‍ (സീരിയല്‍ സിനിമ പ്രൊഡ്യൂസര്‍), പിന്നെ ഒപ്പമുണ്ടായിരുന്ന ഒരു സ്റ്റാഫ് എന്നിവരെ നിയമസഭയില്‍ കയറുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. അതിന്റെ ശരിതെറ്റുകള്‍ വേറെ തന്നെ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഈ സഭയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജേക്കബ് ജോര്‍ജ്ജ് ഉണ്ടായിട്ടില്ല.

പ്രവര്‍ത്തനം വിലയിരുത്താന്‍ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളില്‍ ഒന്നിനു പോലും ഒപ്പമെത്താന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല എന്ന് വി പി സജീന്ദ്രന്‍ ആരോപിക്കുന്നു. ഈ ആരോപണം നിയമസഭയുടെ ഐടി വിഭാഗത്തില്‍ നിന്നു വരുന്നതാവാം. ബിറ്റ്‌റൈറ്റ് വന്നപ്പോള്‍ മുതല്‍ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ ആവശ്യമില്ല എന്ന ലൈന്‍ ആയിരുന്നു. സ്റ്റുഡിയോയ്ക്ക് ആവശ്യമായ ലൈറ്റിങ്ങിന് വലിയ ചെലവു വരുമെന്നറിഞ്ഞപ്പോള്‍ അത്തരം ലൈറ്റിന്റെ ആവശ്യമില്ല എന്നുവരെ വിലയിരുത്തിയവരാണവര്‍.

ഐടി വിഭാഗം ഈ ആരോപണം വെറുതെ ഉന്നയിക്കുകയല്ല. ഞാന്‍ ആദ്യമേ പറഞ്ഞ പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന കാര്യങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനക്ഷമമാക്കി എന്നത് നോക്കിയാണ് അവര്‍ പറയുന്നത്. അതില്‍ ചില കാര്യങ്ങളില്‍ വസ്തുതയുണ്ട്. പ്രത്യേകിച്ച് അനലിറ്റിക്‌സുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ നടപ്പായിട്ടില്ല. അതിനു കാരണം, സ്പ്രിംഗ്‌ളര്‍ വിവാദം വന്ന കാലത്ത് സഭാ ടിവി ആപ്പില്‍ യൂസര്‍ ലോഗിന്‍ വേണ്ട എന്നു തീരുമാനിച്ചതാണ്. യൂസര്‍മാരെ ഇമെയ്ല്‍, ഫോണ്‍നമ്പര്‍ എന്നിവ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന സംവിധാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇതു വേണ്ട എന്ന് വിദഗ്ദ്ധ സമിതി തീരുമാനമെടുത്തു. അതില്ലാതെ നടപ്പാക്കാന്‍ കഴിയാത്ത സാങ്കേതിക കാര്യങ്ങളൊന്നും പിന്നീടു നടപ്പായതുമില്ല. അതിന്റെ കുറ്റം ബിറ്റ്‌റൈറ്റില്‍ ആരോപിക്കുന്നതില്‍ നീതികേടുണ്ട്. തന്നെയുമല്ല, അനില്‍ നായര്‍ പുറത്തുപോയതിനു ശേഷം കമ്പനിക്ക് സാങ്കേതികമായി പഴയ മട്ടില്‍ തുടരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് എന്റെ വിലയിരുത്തല്‍. അത്തരം കാര്യങ്ങളില്‍ ആ കമ്പനി തന്നെയാണ് മറുപടി പറയേണ്ടത്. വെറുതേക്കാരനായ ഞാനല്ല.

ചെലവു ചുരുക്കലിന്റെ ഭാഗമായി സഭാ ടിവി നിയമസഭയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലേക്ക് ചുരുങ്ങുകയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത് ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നപ്പോള്‍ തീരുമാനിച്ചിരുന്നതുപോലെ മറ്റു പരിപാടികള്‍ നിര്‍മിക്കുകയും അവ ചാനലുകളുടെ സ്ലോട്ട് എടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങുകയാണ്.

അങ്ങനെയെങ്കില്‍ തുടര്‍ന്നും ബിറ്റ്‌റൈറ്റിന്റെ സേവനം ആവശ്യമുണ്ടോ എന്ന ചോദ്യം സംഗതമാണ്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ബിറ്റ്‌റൈറ്റിന് അന്ന് കരാര്‍ ലഭിച്ചത്. അല്ലാതെ അതിന്റെ നടത്തിപ്പുകാര്‍ക്ക് ആര്‍ക്കും തന്നെ പാര്‍ടി ബന്ധമില്ല. അവരാരും പാര്‍ടിക്കുവേണ്ടി ഒരു തെരഞ്ഞെടുപ്പിലും ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടിയും ഒന്നും ചെയ്തിട്ടില്ല. വെബ്‌സൈറ്റ് ചെയ്യാന്‍ കരാര്‍ ഏല്പിക്കും പോലെ ഇവരെ കരാര്‍ ഏല്പിച്ചു എന്നും കരുതേണ്ട. വെബ്‌സൈറ്റിന് വേണ്ടതിനേക്കാള്‍ അധികം സാങ്കേതിക ജ്ഞാനം OTT ചാനലിനു വേണം. എന്നാല്‍ അത്തരമൊരു ചാനലിന്റെ ഫങ്ഷനാലിറ്റി നിയമസഭയ്ക്ക് ആവശ്യമില്ലെന്നും സഭാനടപടികളുടെ സ്ട്രീമിങ് മാത്രം മതി എന്നുമാണെങ്കില്‍ പഴയ ഐഎച്ച്ആര്‍ഡിയുടെ വെബ് കാസ്റ്റിങ്ങിലേക്കു തിരിച്ചുപോവുകയും അതിന് മൊബൈല്‍ ഒഎസുകളില്‍ നേറ്റീവ് ആപ്പ് കൂടി നിര്‍മിക്കുകയും ചെയ്താലും മതിയാകും. അതിനായി ഇതുവരെ മുടക്കിയ തുക തിരിച്ചുകിട്ടില്ല എന്നുമാത്രം.

സഭാനടപടികള്‍ മാത്രം സംപ്രേഷണം ചെയ്യുന്ന ഒരു ചാനലിന് സാങ്കേതിക സഹായം നല്‍കുന്ന ഒരു കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ജേക്കബ് ജോര്‍ജ്ജ് ഉണ്ടായി എന്നത് വി പി സജീന്ദ്രനും അതിനു മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലും ഒക്കെ ആരോപിക്കുംപോലെ ഒരു രാഷ്ട്രീയ ഗൂഢാലോചന ആകുന്നത് എങ്ങനെയെന്ന് മാത്രം എനിക്കു മനസ്സിലാകുന്നില്ല.

സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു കരാറിലും പൊതുരംഗത്തോ മാദ്ധ്യമരംഗത്തോ ഉള്ള ഒരാളും ഉള്‍പ്പെടാന്‍ പാടില്ല എന്നാണോ? അവര്‍ എന്തു പണിചെയ്താണ് ജീവിക്കേണ്ടത് എന്നും ഇനി കോണ്‍ഗ്രസ് നേതാക്കളാവുമോ നിശ്ചയിക്കുക? ഇങ്ങനെ പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ എന്തു പക്ഷപാതിത്വമാണ് ജേക്കബ് ജോര്‍ജ്ജ് ചൊരിഞ്ഞത് എന്നാണ് ഇവരുടെ ആക്ഷേപം?

അനിത പുല്ലയിലുമായി ജേക്കബ് ജോര്‍ജ്ജിനെ കെട്ടിവയ്ക്കുന്നത് നെറികെട്ട പരിപാടിയല്ലേ? അവര്‍ ജേക്കബ് ജോര്‍ജ്ജിനെ ഫോണില്‍ വിളിക്കുമായിരുന്നു എന്നെങ്കിലും തെളിയിക്കാനുള്ള മിനിമം ബാധ്യത സജീന്ദ്രനില്ലേ? ഇതാണ് നിങ്ങളുടെ ആരോപണത്തിന്റെ വഴിയെങ്കില്‍ നിങ്ങള്‍ക്ക് പുകമറയുണ്ടാക്കി ആളുകളുടെ വിശ്വാസ്യത തകര്‍ക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവുമില്ല എന്നു കരുതേണ്ടിവരും.

Advertisment