കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്. കേസ് സംബന്ധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു.
പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.
ഷാർജ സുൽത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാരുൾപ്പെടെ പറയുന്നു. താൻ അങ്ങനെ പറഞ്ഞില്ല. അവർക്ക് എന്തിലാണ് ഡോക്ടറേറ്റ്? ഇംഗ്ലിഷ് മനസ്സിലാവില്ലേ? ഇവർ ഇംഗ്ലിഷ് ശരിക്കും വായിച്ചു മനസ്സിലാക്കട്ടെ. തന്റെ പക്കൽ തെളിവായി പല ദൃശ്യങ്ങളുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഒരു സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. അതിനാല്‍ ഈ കൂടിക്കാഴ്ചയെല്ലാം ചട്ടവിരുദ്ധമാണ്.
പ്രോട്ടോക്കോൾ ലംഘിച്ച് പലതവണ ക്ലിഫ് ഹൗസിൽ രഹസ്യയോഗങ്ങൾ നടത്തി. 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യം പുറത്തുവിടണം. സ്പ്രിൻക്ലർ അഴിമതിയിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണെന്നും സ്വപ്ന പറഞ്ഞു. എക്സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു.