തിരുവനന്തപുരം: പീഡന പരാതിയില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത് സര്‍ക്കാരിനും പോലീസിലും കനത്ത തിരിച്ചടിയാകും. ജോര്‍ജിന്റെ അറസ്റ്റ് നിയമ പ്രശ്‌നത്തിനപ്പുറം രാഷ്ട്രീയ വിഷയമായി മാറുന്നു എന്നതാണ് സത്യം. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് ജോര്‍ജിനെ സര്‍ക്കാര്‍ ഇടപെടലിലൂടെ അകത്തിടാന്‍ ശ്രമിച്ചുവെന്ന വാദത്തിനും ഇപ്പോഴത്തെ സംഭവങ്ങള്‍ ബലം പകരും.
പോലീസ് തലപ്പത്തെ തെറ്റായ നീക്കങ്ങളാണ് ഇത്ര കനത്ത തിരിച്ചടിക്ക് കാരണമെന്നാണ് പോലീസ് തന്നെ നല്‍കുന്ന സൂചന. നടപടിക്രമങ്ങളില്‍ അനാവശ്യ തിടുക്കം കാട്ടിയത് തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. അറസ്റ്റ് വളരെപെട്ടന്നായിരുന്നുവെന്ന വിലയിരുത്തല്‍ കോടതിക്കുമുണ്ട്.
പരാതിക്കാരിയുടെ മൊഴി മാത്രം ഗൗരവമായി എടുത്ത് പതിവു ശൈലിയില്‍ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന ഒറ്റ വാദവുമായി റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ കോടതി അതംഗീകരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.
ഇതിന് പോലീസിന്റെ തലപ്പത്തിരുന്ന് നിയന്ത്രിക്കുന്ന ചിലരുടെ പിഴവാണ് ഇത്ര തിരിച്ചടിയുണ്ടാക്കാന്‍ കാരണം. ഉച്ചയ്ക്ക് 12.30യ്ക്ക് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നര മണിക്കൂറിനകം അറസ്റ്റ് ചെയ്തത് കോടതിയെ പോലും അത്ഭുതപ്പെടുത്തി. അതോടൊപ്പം സാഹചര്യങ്ങളും കോടതി കണക്കിലെടുത്തു.
പരാതിക്കാരി പീഡനം നടന്നു എന്നു പറയുന്ന സ്ഥലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ആണ്. പോലീസിന്റെ സാന്നിധ്യമുള്ള ഇവിടെ പീഡനം നടന്നെങ്കില്‍ ഉടന്‍ തന്നെ സഹായം തേടാനാകുമായിരുന്നു. പരാതിക്കാരിക്ക് നിയമ നടപടികളില്‍ പരിചയമുള്ളതിനാല്‍ അതിനു കഴിയില്ലെന്ന വാദവും പൊളിഞ്ഞു.
ഇതോടൊപ്പം പരാതിക്കാരിയുടെ വിശ്വാസ്യതയെയും പ്രതിഭാഗം ചോദ്യം ചെയ്തിരുന്നു. ഇതൊക്കെ കോടതിയും സ്വീകരിച്ചു. എന്തായാലും പാളിപ്പോയത് സര്‍ക്കാരിന്റെ ചില തന്ത്രങ്ങള്‍ കൂടിയാണെന്ന വിലയിരുത്തല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്.
ഈ പാളിപ്പോയ നീക്കത്തിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ തന്നെ പലരും ചിലര്‍ക്ക് ചാര്‍ത്തി നല്‍കുന്നുണ്ട്. 21 വര്‍ഷം മുമ്പത്തെ കേരളവും കേസുകളും മാറി എന്ന യാഥാര്‍ത്ഥ്യം ഇനിയും ഓര്‍ക്കാത്ത ചിലര്‍ക്കാണ് ഇത്.