തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തെ തൊട്ടടുത്ത ദിവസം തന്നെ തള്ളിപ്പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും കെപിസിസി പ്രസിഡന്റിനെയാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ് സുധാകരൻ ആരാണെന്നു തന്നെ പഠിപ്പിക്കാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി ചർച്ചകൾക്കു മറുപടിയായി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്വീകരിക്കുന്ന നിലയാണ് കെപിസിസിയുടെ നില. ഇ.പി.ജയരാജനെ എകെജി സെന്റർ ആക്രമണത്തിന്റെ സൂത്രധാരനായാണു കെപിസിസി പ്രസിഡന്റ് ചിത്രീകരിക്കുന്നത്. ജയരാജനെ പണ്ട് കൊലപ്പെടുത്താൻ നോക്കിയ ആളാണ്. ഇപ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും അതേ മാനസികനില തുടരുകയാണ്.
ജയരാജൻ താമസിക്കുന്നത് എകെജി സെന്ററിന്റെ എതിർവശത്തെ ഫ്ലാറ്റിലാണ്. സംഭവം അറിഞ്ഞാണ് ജയരാജൻ എകെജി സെന്ററിലേക്ക് എത്തിയത്. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഓഫിസിനു നേർക്ക് അക്രമം നടത്തുന്ന സമീപനം സിപിഎമ്മിനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ ആസൂത്രണത്തോടെയാണ് എകെജി സെന്റർ ആക്രമിച്ചതെന്നും, ആസൂത്രകരാണു പ്രതിയെ ഒളിപ്പിച്ചു നിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.