എസ്എഫ്‌ഐയിലൂടെ തുടക്കം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ നേടിയ വിജയം സജി ചെറിയാനെ കരുത്തനാക്കി! പ്രളയസമയത്ത് നാട്ടുകാര്‍ക്ക് വേണ്ടി പൊട്ടിക്കരഞ്ഞതും ഏറെ ചര്‍ച്ചയായി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തോടെ മന്ത്രിസ്ഥാനം തേടിയെത്തി; ഒടുവില്‍ ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ കൈ പൊള്ളി ആ സ്ഥാനത്തു നിന്ന് മടക്കം

New Update

publive-image

തിരുവനന്തപുരം: അപ്രതീക്ഷിത രാജിപ്രഖ്യാപനത്തോടെ രണ്ടാം പിണറായി സർക്കാരിൽ നിന്ന് പുറത്തുപോകുന്ന ആദ്യ മന്ത്രിയായി സജി ചെറിയാൻ മാറുകയാണ്. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശമാണ് സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത്.

Advertisment

പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിലാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു പ്രസ്താവന.

"ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വ‍ർഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ മനോഹര ഭരണഘടനയെന്ന് ഞാൻ പറയും'...''എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. കോടതികളില്‍ നിന്ന് തീരുമാനങ്ങള്‍ വരുന്നത് വരെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെ എന്ന് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകക്ഷികളും തീരുമാനമെടുത്തിരുന്നു.

സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കർശന നിലപാടെടുത്തതോടെയാണ് മന്ത്രിക്ക് രാജി വയ്ക്കേണ്ടിവന്നത്. പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടതോടെയാണ് മന്ത്രിസഭായോഗത്തിനുശേഷം വാർത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്.

രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവിൽ വാര്‍ത്തകൾ വന്നത്. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ ക്ഷീണമുണ്ടാകും എന്ന വിലയിരുത്തലിലാണ്‌ രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.

എസ്എഫ്‌ഐയിലൂടെ തുടക്കം

മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫിസർ ടി.ടി. ചെറിയാന്റെയും റിട്ട. അധ്യാപിക പി.വി. ശോശാമ്മയുടെയും മകനായി 1965 ഏപ്രിൽ 12ന് ആണു സജി ചെറിയാന്‍ ജനിച്ചത്. ക്രിസ്‌ത്യൻ കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തു കോളജ് യൂണിയൻ പ്രതിനിധിയായി. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നു സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടി.

എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി.
എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം കരുത്തനാക്കി

2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്‌ണുനാഥിനെതിരെ ചെങ്ങന്നൂരിൽ നിന്നു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു 2018 ൽ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാൻ പാര്‍ട്ടിയിലെ കരുത്തനായി മാറി.

പ്രളയ സമയത്ത് സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായം തേടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സജി ചെറിയാന്‍ പൊട്ടിക്കരഞ്ഞത് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നേടിയ വിജയം രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാനെ മന്ത്രിയാക്കി. ഒടുവില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ കൈ പൊള്ളി ആ സ്ഥാനത്തുനിന്ന് മടക്കം...

Advertisment