തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. രണ്ടാം വിക്കറ്റ് ഉടന്‍ വീഴും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്നും സുധാകരന്‍ പരിഹസിച്ചു.
ഇതുകൊണ്ടൊന്നും സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാൻ രാജിവെച്ചത് നല്ലകാര്യം. എന്നാൽ പ്രസംഗത്തെ ന്യായീകരിക്കുന്നതിൻ്റെ വൈരുധ്യം സിപിഎം പരിശോധിക്കണം. രാജി വച്ചതുകൊണ്ട് കാര്യം തീരില്ല.
എംഎൽഎ സ്ഥാനത്തേയും ബാധിക്കില്ലേ. അതുകൊണ്ട് എംഎൽഎ സ്ഥാനവും രാജിവെക്കണം. സിപിഎമ്മിൻ്റെ അഹങ്കാരത്തിനേറ്റ താൽക്കാലിക തിരിച്ചടിയാണിത്. സത്യസന്ധമായി ഉള്ളിൽ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉൾകൊള്ളാൻ സജി ചെറിയാൻ തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.
മന്ത്രി പദവി അദ്ദേഹം രാജിവെച്ചത് ആരോടോ വാശി തീര്‍ക്കാനെന്ന പോലെയാണ് തോന്നിയത്. എംഎല്‍എ സ്ഥാനത്ത് തുടരാനും സജി ചെറിയാന്‍ യോഗ്യനല്ല. അക്കാര്യത്തില്‍ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.