വടകര: താന്‍ ഒറ്റുകാരിയാണെന്നും അതിനുകിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനമെന്നുമുള്ള എളമരം കരീമിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.കെ. രമ രംഗത്ത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും കരീമിന്‍റെ ചരിത്രം പറയിപ്പിക്കരുതെന്നും കെ കെ രമ പറഞ്ഞു. കരാര്‍ തൊഴിലാളിയില്‍ നിന്ന് കരീം എങ്ങനെ ഇവിടെയെത്തിയെന്നും രമ ചോദിച്ചു.
എളമരം കരീമിന്റെ വലിയ നേതാവ് പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീര്‍ക്കുമെന്ന് പ്രസംഗിച്ചതാണ്. ഭീഷണിയില്‍ വീണുപോകുന്നവരല്ല ഒഞ്ചിയത്തുള്ള കമ്യൂണിസ്റ്റുകാര്‍. അവസാനത്തെ ശ്വാസം വരെയും പോരാട്ടം തുടരും. രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ ഒരു ആശങ്കയുമില്ല.
രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണി പുത്തരിയില്ല, അവസാന ശ്വാസം വരെ പോരാടും. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. കച്ചവട രാഷ്ട്രീയമില്ലാതെ എംഎല്‍എ ആയതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രമ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സി.എച്ച്.അശോകൻ അനുസ്മരണത്തിലായിരുന്നു കരീം രമയെ വിമര്‍ശിച്ചത്. വർഗ ശത്രുക്കളുമായി ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണ് രമയെന്ന് കരീം ആരോപിച്ചിരുന്നു.
കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ കഴിഞ്ഞുവെന്ന അഹങ്കാരത്തിൽ വലിയ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി?. ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എംഎൽഎ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച്.അശോകനെന്നും കരീം പറഞ്ഞു.