ആലപ്പുഴ: തോട്ടപ്പള്ളിയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസിനെതിരെ എച്ച്. സലാം എം.എല്‍.എ. സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തിനനുസരിച്ച് പക്വത പ്രകടിപ്പിക്കണമെന്ന് എച്ച്. സലാം പറഞ്ഞു.
കരിമണ്ണൽ സമരത്തിനെതിരെ സംസാരിച്ചയാളാണ് എച്ച് സലാം എംഎൽഎയെന്നും സിപിഐക്കെതിരെ സംസാരിക്കാൻ മാത്രം അദ്ദേഹം വളർന്നിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പറയുന്നു. പക്വത കാണിക്കേണ്ടത് എം എൽ എ ആയിരുന്നു. കരിമണ്ണൽ ഖനനത്തിന് അനുമതി നൽകിയ പഞ്ചായത്ത് പ്രസിഡന്റുമായി മണൽ എടുപ്പ് തടയാൻ പോയതല്ലേ പക്വത കുറവെന്നും ടി ജെ ആഞ്ചലോസ് ചോദിച്ചു.
കടലേറ്റം ശക്തമായ തോട്ടപ്പള്ളി പുറക്കാട് പഞ്ചായത്തിന്റെ തീരത്തുള്‍പ്പെടെ വേര്‍തിരിച്ച മണല്‍ തിരികെയെത്തിക്കണമെന്ന ആവശ്യം സ്ഥാപനങ്ങള്‍ അനുസരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ച വൈകീട്ട് എച്ച്. സലാം എം.എല്‍.എ. നേരിട്ടെത്തി മണലെടുപ്പു തടഞ്ഞിരുന്നു. എംഎൽഎയുടെ ഇടപെടലിനെ ചിരിദിനത്തോട് ഉപമിച്ചായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് മറുപടിയായി 'സിപിഐയുടെ ജില്ലാ സെക്രട്ടറിയായ മഹാനായ നേതാവിനോട് അനുവാദം ചോദിക്കുവാന്‍ കഴിഞ്ഞില്ല.. ക്ഷമിക്കണേ സിംഹമേ..' എന്നും എച്ച്.സലാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.