തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ പുതിയ പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെ എല്ലാം പഴയമുഖങ്ങള്‍ തന്നെയെന്ന് സൂചന. പുതിയ നേതൃത്വം പാര്‍ട്ടിക്ക് വന്നിട്ടും തലമുറമാറ്റമോ ചെറുപ്പക്കാര്‍ക്ക് പ്രാതിനിധ്യമോ ഇല്ലെന്നാണ് സൂചന. ഇക്കുറിയും ഗ്രൂപ്പിനും നേതാക്കളുടെ പെട്ടിപ്പിടുത്തക്കാരും തന്നെയാണ് പട്ടിയിലുള്ളത്.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനും വിഡി സതീശന്‍ പ്രതിപക്ഷ നേതാവുമായ പുതിയ ടീം വന്നപ്പോള്‍തന്നെ നടത്തിയ പ്രഖ്യാപനം ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാകില്ലെന്നായിരുന്നു. ഗ്രൂപ്പിനല്ല പാര്‍ട്ടിക്ക് പ്രാധാന്യം കൊടുക്കുമെന്നും അവര്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ആ ഉറപ്പുകളൊക്കെ വാക്കിലൊതുങ്ങിയെന്ന് തന്നെയാണ് കെപിസിസി അംഗങ്ങളുടെ പുനസംഘടന തെളിയിക്കുന്നത്. സ്ഥിരം കെപിസിസി അംഗങ്ങള്‍ തന്നെയാണ് ഇക്കുറിയും ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് പട്ടികയിലുള്ളത്.
280 അംഗ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ വെറും 28 പേര്‍ മാത്രമാണ് ആദ്യം നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത് എഐസിസി അംഗീകരിക്കാതെ വന്നതോടെ 46 പേരെ മാറ്റി ബാക്കി പഴയ മുഖങ്ങളെ ചേര്‍ത്ത് പട്ടിക നല്‍കി. ഇതില്‍ വനിതാ, യുവജന പ്രാതിനിധ്യമില്ലാതെ വന്നതോടെ മാറ്റം വരുത്താന്‍ തിരിച്ചയച്ചു.
ഏറ്റവും ഒടുവില്‍ 65 പുതുമുഖങ്ങളുടെ പട്ടിക ഉള്‍പ്പടെയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. പക്ഷേ ഇത് 25 ശതമാനം പോലുമില്ല. പുതുമുഖങ്ങളെന്ന് പറയുമ്പോഴും പലരും അറുപതിനോടടുത്തവര്‍ തന്നെയാണ്. പാര്‍ട്ടി ചിന്തന്‍ ശിബിരത്തില്‍ അമ്പതു ശതമാനം യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍ സംസ്ഥാനത്തത് എല്ലാം കാറ്റില്‍ പറത്തി. ഗ്രൂപ്പു നേതാക്കള്‍ മാത്രം ഇരുന്ന് പട്ടിക തയ്യാറാക്കിയതോട അര്‍ഹരായ പലരും പട്ടികയ്ക്ക് പുറത്തായി. പട്ടിക പുറത്തുവരുന്നതോടെ കൂടുതല്‍ പൊട്ടിത്തെറിയുണ്ടായേക്കും.