മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം; ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ കെ.എസ്. ശബരീനാഥന് ജാമ്യം അനുവദിച്ച് കോടതി; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം; ഗൂഢാലോചനയില്‍ ശബരീനാഥനാണ് 'മാസ്റ്റര്‍ ബ്രെയ്ന്‍' എന്ന് പ്രോസിക്യൂഷന്‍

New Update

publive-image

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചെന്ന കേസില്‍ മുന്‍ എം.എല്‍.എ. കെ.എസ്. ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

Advertisment

ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്.

ഗൂഢാലോചനയിൽ ശബരീനാഥനാണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. വാട്സാപ് സന്ദേശം അയച്ചശേഷം ശബരീനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വാട്ട്സാപ്പ് സന്ദേശം അയച്ച ഫോണ്‍ ഉടന്‍ ഹാജരാക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാ‍‍ജരാക്കിയത്.

Advertisment